പെട്ടിമുടി ദുരന്തം; തിരച്ചില്‍ തുടരാന്‍ കലക്ടറുടെ തീരുമാനം

By Web TeamFirst Published Aug 23, 2020, 12:41 PM IST
Highlights

പെട്ടിമുടി അപകടത്തിൽപ്പെട്ട 70 പേരിൽ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടിയ ഭാഗത്തുനിന്ന് 34 പേരെയും സമീപത്തെ പെട്ടിമുടി പുഴയിൽ നിന്നും 31 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 

ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരാൻ തീരുമാനം. ഒരു കുട്ടി, ഒരു പുരുഷനും മൂന്ന് സ്ത്രീകളെയുമാണ് ഇനി കണ്ടെത്താനുള്ളത്. ജില്ലാ കളക്ടർ എച്ച് ദിനേശന്‍റെ  നേത്യത്വത്തിൽ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍ കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിശോധന വീണ്ടും നടത്താൻ തീരുമാനിച്ചത്.

പെട്ടിമുടി അപകടത്തിൽപ്പെട്ട 70 പേരിൽ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടിയ ഭാഗത്തുനിന്ന് 34 പേരെയും സമീപത്തെ പെട്ടിമുടി പുഴയിൽ നിന്നും 31 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. പ്രിയദര്‍ശിനി(8), ദിനേഷ് കുമാര്‍, റാണി, കാര്‍ത്തിക, കസ്തൂരി, എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നിലവില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. മാത്രമല്ല തിരച്ചില്‍ പ്രദേശത്ത്  പുലിയുടെ സാന്നിധ്യം ഉള്ളതും, കാട്ടാനകള്‍ ഉള്ളതും തിരച്ചിലിന് തടസമാകുന്നു.

പുഴയിലെ സിമന്‍റ് ഭാഗത്ത് പരിശോധ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇവിടെ പരിശോധന ഏറെ ദുഷ്ക്കരമാണ്. ഒക്സിജന്‍ സിലിണ്ടര്‍ അടക്കുമുള്ള സജ്ജീകരണങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് തിരച്ചില്‍ നടത്താന്‍ സാധിക്കൂവെന്നാണ് നിഗമനം. മാങ്കുളം പുഴയിലൂടെയും സമീപങ്ങളിലും 10 ഓളം പ്രാവശ്യം ഇതുവരെയായി തെരച്ചിൽ നടത്തി. മറ്റ് ഭാഗങ്ങളിൽ 15 പ്രാവശ്യവും തിരച്ചിൽ പൂർത്തിയാക്കി. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, എം.പി ഡീൻ കുര്യാക്കോസ്, എം എൽ എ എസ് രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ആർ കറുപ്പസ്വാമി, സുരേഷ്, ഡിവൈഎസ്പി രമേഷ് കുമാർ , സെക്രട്ടറി അജിത്ത് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

കൂടുതല്‍ വായനയ്ക്ക് :  പെട്ടിമുടിയിൽ തിരച്ചിൽ മേഖലയിൽ കടുവയുടെ സാന്നിധ്യം, ആശങ്ക
 

click me!