നടുറോഡില്‍ കോഴി മാലിന്യം തള്ളി; നാട്ടുകാർ ദുരിതത്തിൽ

By Web TeamFirst Published May 28, 2020, 4:35 PM IST
Highlights

റോഡരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്ത് നടുറോഡിലേക്കിടുകയാണ്. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവ ചീഞ്ഞ് ദുര്‍ഗന്ധം വമിച്ച് ജനങ്ങള്‍ക്ക് മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പെട്ടി ഓട്ടോറിക്ഷകളിലും പിക്കപ്പ് വാനുകളിലും എത്തിക്കുന്ന മാലിന്യങ്ങളാണ് കൂടുതലും.

ഹരിപ്പാട്: ഹരിപ്പാട്-ഇലഞ്ഞിമേല്‍ റോഡില്‍ കോഴിമാലിന്യം തള്ളി. പള്ളിപ്പാട് പറയങ്കേരിക്ക് സമീപമാണ് വന്‍തോതില്‍ കോഴിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഒരുമാസം മുന്‍പ് ഇവിടെ തള്ളിയ മാലിന്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ജെസിബി ഉപയോഗിച്ച് വാരിമാറ്റി കുഴിച്ചിടുകയായിരുന്നു. മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ഈ ഭാഗത്ത് സിസിടിവി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും വാക്കിലൊതുങ്ങി.

ഹരിപ്പാട്-ഇലഞ്ഞിമേല്‍ റോഡിലെ പിള്ളതോട് പാലം, നെടുന്തറ, പഞ്ചായത്ത് ഓഫീസിന് കിഴക്ക്, ആഞ്ഞിലിമൂട്, പറയങ്കേരി, ഗോവണിപ്പാലം, വാഴക്കൂട്ടം കടവ് എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ കൂടുതലായി വലിച്ചെറിയുന്നത്. റോഡിന്റെ വശങ്ങള്‍ കാടുകയറി കിടക്കുന്നതാണ് മാലിന്യം തള്ളുന്നതിന് പ്രധാന കാരണം. റോഡരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്ത് നടുറോഡിലേക്കിടുകയാണ്. 

ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവ ചീഞ്ഞ് ദുര്‍ഗന്ധം വമിച്ച് ജനങ്ങള്‍ക്ക് മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പെട്ടി ഓട്ടോറിക്ഷകളിലും പിക്കപ്പ് വാനുകളിലും എത്തിക്കുന്ന മാലിന്യങ്ങളാണ് കൂടുതലും. പരിസര മലിനീകരണമുണ്ടാകാതെ സ്വന്തം രീതിയില്‍ മാലിന്യം സംസ്‌കരിക്കാന്‍ സൗകര്യമുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നാണ് ചട്ടം. പള്ളിപ്പാട് പഞ്ചായത്ത് പരിധിയില്‍ നിലവില്‍ ലൈസന്‍സുള്ള ഒറ്റ ഇറച്ചിക്കോഴിക്കടകള്‍ പോലുമില്ല. എന്നിട്ടും നിരവധി ഇറച്ചിക്കോഴിക്കടകളാണ് പള്ളിപ്പാട്ടുള്ളത്.  

click me!