
കോഴിക്കോട്: വിലപിടിപ്പുള്ള അലങ്കാര മത്സ്യങ്ങള്‍ കാണാതായതിന് പിറകിലുള്ള ആളെ പിടികൂടിയപ്പോള്‍ അമ്പരന്ന് വീട്ടുകാര്‍. താമരശ്ശേരിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ കലാക്കാംപൊയില്‍ സ്വദേശി മജീദിന്റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അലങ്കാര മത്സ്യങ്ങളെ കാണാതായത്. ആരും കാണാതെയെത്തി മത്സ്യങ്ങളെ അകത്താക്കി മടങ്ങിയിരുന്ന മരപ്പട്ടി ഒടുവില്‍ വീട്ടുകാരുടെ കെണിയില്‍ പെടുകയായിരുന്നു.
മത്സ്യങ്ങളുടെ എണ്ണം ദിനംപ്രതി കുറഞ്ഞപ്പോഴാണ് മജീദും കുടുംബവും ഈ കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പറമ്പിലും മറ്റു എത്തുന്ന പക്ഷികളെയാണ് ആദ്യം സംശയിച്ചതെന്ന് മജീദ് പറയുന്നു. പിന്നീട് ദിവസവും നിരീക്ഷിച്ചെങ്കിലും പക്ഷികളല്ലെന്ന് മനസ്സിലായി. തുടര്‍ന്ന് 5000 ലിറ്റര്‍ ജലം നിറച്ചിരുന്ന അക്വാറിയത്തിലെ വെള്ളം നന്നായി കുറച്ചുവച്ചു.
ഇതറിയാതെ ഇന്നലെ പതിവുപോലെ എത്തിയ മരപ്പട്ടി ടാങ്കില്‍ ഇറങ്ങിയപ്പോള്‍ കുടുങ്ങി. വെള്ളം കുറവായതിനാൽ ഇറങ്ങിയതുപോലെ എളുപ്പത്തിൽ കയറാൻ പറ്റാത്തതാണ് കക്ഷിയെ കുടുക്കിയത്. ഇന്ന് പുലര്‍ച്ചെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനെത്തിയ കുടുംബാംഗങ്ങളാണ് മരപ്പട്ടിയെ കണ്ടത്. പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ ആര്‍ ടി അംഗം ചുണ്ടക്കുന്നുമ്മല്‍ ബഷീര്‍ എത്തി പിടികൂടുകയായിരുന്നു. മരപ്പട്ടിയെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam