
മലപ്പുറം: ജില്ലയിൽ പത്ത് ദിവസത്തേക്ക് മാംസ വില പുതുക്കി നിശ്ചയിച്ചു. കോഴി, പോത്ത് എന്നിവയുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. ബ്രോയിലർ ലൈവ് കോഴിക്ക് ജില്ലയിൽ ഒരു കിലോഗ്രാമിന് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും പോത്ത്, കാള ഇറച്ചിക്ക് പരമാവധി ഒരു കിലോഗ്രാമിന് 280 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എൻ എം മെഹറലി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജില്ലയിലെ പലയിടങ്ങളിലും ഇറച്ചിക്ക് അമിതവിലയും വ്യത്യസ്ത വിലയും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വില നിയന്ത്രണത്തിനായി നടപടി സ്വീകരിച്ചത്.
ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതും കാലിച്ചന്തകളില്ലാത്തതും കോഴി ഫാമിലേക്ക് ആവശ്യമായ തീറ്റയും മറ്റു വസ്തുക്കളും ലഭിക്കാത്തതുമാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ജില്ലയിൽ നിശ്ചയിച്ച വിലയിൽ കൂടുതൽ ഇറച്ചിക്ക് വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫീസർക്കോ അതത് പഞ്ചായത്ത് സെക്രട്ടറിമാർക്കോ പരാതി നൽകണമെന്നും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും എ.ഡി.എം അറിയിച്ചു.
തിരൂരങ്ങാടി( 9188527392), പൊന്നാനി( 9188527393),നിലമ്പൂർ (9188527394), കൊണ്ടോട്ടി ( 9188527395), ഏറനാട് (9188527396), തിരൂർ (9188527397), പെരിന്തൽമണ്ണ (9188527398) തുടങ്ങിയ താലൂക്ക് സപ്ലൈ ഓഫീസുകളിലെ നമ്പറുകളിൽ പരാതികൾ അറിയിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam