
മലപ്പുറം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാളെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കാറളം സ്വദേശി ജിന്‍റോ പൗലോസിനെ (36) തിരുവനന്തപുരം കിളിമാനൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കാളികാവ് സ്വദേശികളായ കാരടി മുഹമ്മദ് അന്‍ശിഫ്, ആലക്കല്‍ മുഹമ്മദ് ജാബിര്‍ എന്നിവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2024 ജൂലൈയിലാണ് ജിന്റോ നിലമ്പൂരില്‍ താമസത്തിന് എത്തിയത്. തനിക്ക് നോര്‍വേയിലായിരുന്നു ജോലിയെന്നും ഇനി സ്വീഡനിലേക്ക് മാറുകയാണെന്നും ഇയാള്‍ ഫ്‌ലാറ്റുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. താന്‍ ജോലി ചെയ്യുന്ന സ്വീഡനിലെ കമ്പനിയിലേക്ക് കുറച്ച് വിസയുണ്ടെന്നും ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്നും പറഞ്ഞ് നാട്ടിലുള്ള പല ആളുകളില്‍ നിന്നായി 90 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. 2025 മെയോടെ ഒരു മാസത്തിനകം മെഡിക്കലിനായി താന്‍ പറയുന്ന സ്ഥലത്ത് എത്തണമെന്ന് പണം നല്‍കിയ ആളുകളെ അറിയിച്ച ശേഷം തൃശൂരിലെ വീട്ടിലേക്കെന്ന് പറഞ്ഞ് ജിന്‍റോ അപ്രത്യക്ഷനായി.
ആദ്യം പൊള്ളാച്ചിയിലേക്കും പിന്നീട് കിളിമാനൂരിലേക്കും താമസം മാറ്റി. ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നപ്പോള്‍ പണം നല്‍കിയ ആള്‍ക്കാര്‍ ജിന്‍റോയെ അന്വേഷിച്ച് തൃശൂരിലെ വീട്ടിലും ഭാര്യവീട്ടിലും ചെന്നെങ്കിലും ദീര്‍ഘകാലമായി അങ്ങോട്ട് ചെന്നിട്ടില്ലെന്നും ജിന്‍റോ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്താറുള്ള ആളാണെന്നും അറിയാന്‍ കഴിഞ്ഞു. കാളികാവ് പൊലീസിന്‍റെ അന്വേഷണത്തില്‍ പ്രതി കിളിമാനൂരിലുണ്ടെന്ന് മനസ്സിലാക്കി പിടികൂടുകയായിരുന്നു. കിളിമാനൂരില്‍ വേഷം മാറി മീന്‍ കച്ചവടം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കാളികാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. അനീഷിന്റെ നേതൃത്വത്തില്‍ എസ് ഐ അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വ്യതീഷ്, ശ്രീജിത്ത്, ഷൈജു, റിയാസ് ചീനി, മന്‍സൂറലി, ഹര്‍ഷാദ്, സ്‌പെഷല്‍ ബ്രാഞ്ച് ഫീല്‍ഡ് ഓഫിസര്‍ ടി വിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.