പട്ടിക വർഗ്ഗ ഹോസ്റ്റൽ കെട്ടിടത്തിൽ എഞ്ചിനീയറിംഗ് കോളജ്; തീരുമാനത്തിനെതിരെ ആദിവാസി സംഘടനകൾ

By Web TeamFirst Published Aug 29, 2019, 5:27 PM IST
Highlights

കെട്ടിടത്തിൻറെ ഒരു നില എഞ്ചിനീയറിംഗ് കോളേജിന് കൈമാറാൻ പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടർ കത്തയച്ചു. ആദിവാസി ക്ഷേമത്തിനുള്ള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് ആദിവാസി സംഘടനകള്‍.

ഇടുക്കി: മൂന്നാറിലെ പട്ടികവര്‍ഗ ഹോസ്റ്റൽ കെട്ടിടത്തിൽ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ രംഗത്തെത്തി. മൂന്നാർ ട്രൈബ്യൂണൽ പ്രവർത്തനം നിർത്തിയതോടെയാണ് വർഷങ്ങൾക്കു ശേഷം കെട്ടിടം പട്ടിക വ‍ർഗ്ഗ വകുപ്പിന് തിരികെ ലഭിക്കുന്നത്. 

പട്ടിക വർഗ്ഗ വകുപ്പിന് അനുവദിച്ച ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് 1999 ലാണ് മൂന്നാറിൽ ഹോസ്റ്റലിനായി കെട്ടിടം നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ ഇവിടെ മോഡൽ റെസിഡൻഷ്യൽ സ്‍കൂൾ പ്രവർത്തനം തുടങ്ങി. പിന്നീട് വിദ്യാഭ്യാസ വകുപ്പ് മൂന്നാർ ഗവണ്മെൻറ് കോളജിനായി ഉപയോഗിച്ചു. 2010 ൽ മൂന്നാർ ഭൂമി കയ്യേറ്റ കേസുകൾ പരിഗണിക്കാൻ ട്രൈബ്യൂണൽ രൂപീകരിച്ചപ്പോൾ ഹോസ്റ്റൽ കെട്ടിടം ഇതിനായി വിട്ടു നൽകി. 

മൂന്നാർ ട്രൈബ്യൂണൽ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ കെട്ടിടം പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന് തിരികെ ലഭിച്ചു. തുടർന്ന് ഹോസ്റ്റലിൻറെ പ്രവ‍ർത്തനം തുടങ്ങി. പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. ഇടമലക്കുടി, മാങ്കുളം എന്നീ മേഖലകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെയുള്ളത്. 25 കിലോമീറ്ററിലധികം സഞ്ചരിച്ച് സ്‍കൂളുകളിലെത്തിയിരുന്ന കുട്ടികളാണ് ഹോസ്റ്റലിൽ ഉള്ളത്. 

ഇതിനിടെയാണ് കെട്ടിടത്തിൻറെ ഒരു നില എഞ്ചിനീയറിംഗ് കോളേജിന് കൈമാറാൻ പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടർ കത്തയച്ചത്. ആദിവാസി ക്ഷേമത്തിനുള്ള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് ആദിവാസി സംഘടനകള്‍. കെട്ടിടം കൈമാറാനുള്ള തീരമാനത്തിനെതിരെ ആദിവാസി സംഘടനകൾ സമരവും തുടങ്ങി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. 


 

click me!