
തിരുവനന്തപുരം: കഴിഞ്ഞ മഴയിൽ തകർന്ന അംഗൻവാടി കെടിട്ടത്തിന്റെ ചുറ്റുമതിൽ പുനർനിർമ്മിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെയും ഉദ്യേഗസ്ഥരെയും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ കുഴിവിള കോണം കോളനിയിലെ 62-ാം നമ്പർ അംഗൻവാടിയുടെ മതിൽ പുനർനിർമ്മിക്കാനാണ് രാവിലെ 10.30 ഓടെ കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, അസിസ്റ്റന്റ് എഞ്ചിനീയർ സുചിത്രാലത എന്നിവരുൾപ്പെട്ട സംഘം എത്തിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് കാഞ്ഞിരംകുളം സി.ഐ ജിജിൻ ജി ചാക്കോയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മഴയിൽ മതിന്റെ ഒരു ഭാഗം തകർന്ന് വീഴാവുന്ന അവസ്ഥയിലായിരുന്നു. 2023 ഏപ്രിലിൽ ഇതടക്കം അംഗൻവാടിയുടെ മെയിന്റനൻസ് വർക്കിന് വേണ്ടി ഒരു ലക്ഷം രൂപയുടെ പ്രോജക്റ്റ് വാർഡ് അംഗം സമർപ്പിച്ചു. തുടർന്ന് കഴിഞ്ഞ മാസം 20ന് അപകടാവസ്ഥയിലായിരുന്ന മതിൽ പൊളിച്ച് പുനർ നിർമ്മിക്കാൻ നടപടി തുടങ്ങി. ഇതിന് പിന്നാലെ പ്രോജക്ടിൽ നിന്നും വ്യത്യസ്തമായി മതിൽ ഇടിഞ്ഞ ഭാഗത്ത് കൂടി പുറകിലേക്ക് വഴിയൊരുക്കാൻ നീക്കം നടക്കുന്നതായി പരാതി ലഭിച്ചതോടെ അസിസ്റ്റന്റ് എഞ്ചിനീയർ ഇടപെട്ട് പണി നിർത്തിവച്ചു.
തുടർന്ന് പൊളിച്ച മാറ്റിയ മതിൽ വീണ്ടും പഴയ സ്ഥിതിയിൽ പുനർനിർമിക്കാൻ എത്തിയപ്പോഴാണ് വാർഡ് അംഗവും നാട്ടുകാരും പ്രസിഡന്റിനെയും ഉദ്യോഗസ്ഥരെയും തടഞ്ഞത്. കുഴിവിളക്കോണം കോളനിയിലെ താമസക്കാരാണ് വാർഡ് മെമ്പർ മണികണ്ഠന്റെ നേതൃത്വത്തിൽ നേരത്തെ ഉണ്ടായിരുന്ന രീതിയിൽ മതിൽ കെട്ടുന്നതിനെ തടഞ്ഞത്. തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള വഴി ഒഴിവാക്കിയ ശേഷം മതിൽ കെട്ടണമെന്നും അങ്കണവാടിക്ക് പുറകിൽ സ്ഥിതി ചെയ്യുന്ന കിണറിലെ വെള്ളം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ വേണ്ട സൗകര്യം ഒരുക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അംഗൻവാടിക്ക് പിന്നിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനും വയോധികയുമാണ് വഴി ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഇവർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് മതിൽ കെട്ടാനാകാതെ പഞ്ചായത്ത് പ്രസിഡന്റും ഉദ്യേഗസ്ഥരും മടങ്ങിപ്പോയി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam