'ഐപിഎസ് എടുത്ത ഹോസ്റ്റല്‍ വാര്‍ഡനോ'; രാത്രി 10ന് ശേഷം ടര്‍ഫില്‍ കളി വേണ്ടെന്ന എസ്പിയുടെ ഉത്തരവില്‍ പ്രതിഷേധം

By Web TeamFirst Published Nov 26, 2021, 10:34 PM IST
Highlights

രാത്രി പത്ത് മണിക്ക് ശേഷം ടര്‍ഫ് അടച്ചിടണമെന്ന് നിര്‍ദ്ദേശിക്കുന്നതിന്റെ ഭാഗമായി വിചിത്ര വാദങ്ങളാണ് ഉത്തരവില്‍ എസ്.പി ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് ജില്ലയിലെ കായിക പ്രേമികള്‍ ഒന്നടങ്കം പറയുന്നത്. 
 

കല്‍പ്പറ്റ: ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകള്‍(Football turf) രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന വയനാട് ജില്ലാ പൊലീസ് മേധാവി(Wayanad District police chief) അരവിന്ദ് സുകുമാറിന്റെ ഉത്തരവിനെതിരെ യുവാക്കള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത്. വയാട് ജില്ലാ പൊലീസിന്റെ ഫേസ്ബുക് പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധം കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം ടര്‍ഫ് അടച്ചിടണമെന്ന് നിര്‍ദ്ദേശിക്കുന്നതിന്റെ ഭാഗമായി വിചിത്ര വാദങ്ങളാണ് ഉത്തരവില്‍ എസ്.പി ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് ജില്ലയിലെ കായിക പ്രേമികള്‍ ഒന്നടങ്കം പറയുന്നത്. 

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞ് പുറത്ത് കറങ്ങി നടക്കുന്നുവെന്നും അത്തരത്തില്‍ 'അസമയത്ത്' പുറത്തിറങ്ങിയാല്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും സാധ്യതയേറെയാണെന്നുമാണ് ഇത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് പത്ത് മണിക്ക് ശേഷം ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചാല്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. 

ജില്ലാ പൊലീസിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ നവംബര്‍ 25 നാണ് ഇക്കാര്യം പത്രകുറിപ്പായി പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം പോലീസ് നിര്‍ദ്ദേശം അടങ്ങിയ പോസ്റ്റിന് കീഴില്‍ രൂക്ഷമായ രീതിയിലാണ് യുവാക്കള്‍ അടക്കം പ്രതികരിച്ചിരിക്കുന്നത്. 'ഐ.പി.എസ് കിട്ടിയ ഹോസ്റ്റല്‍ വാര്‍ഡന്‍ ആണോ' പൊലീസ് മേധാവിയെന്നും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്നുമാണ് കമന്റില്‍ ചോദിച്ചിരിക്കുന്നത്. 

അതേ സമയം ടര്‍ഫ് ഉടമകളുടെ കൂട്ടായ്മ ജില്ലാ പൊലീസ് മേധാവിയുമായി സംസാരിച്ചുവെന്നാണ് വിവരം. നിലവില്‍ നിര്‍ദ്ദേശം അനുസരിക്കണമെന്നും ക്രമേണ സമയം നീട്ടിനല്‍കാമെന്നും അറിയിച്ചതായി ബത്തേരിയിലെ ടര്‍ഫ് ഉടമ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കൃത്രിമ മൈതാനങ്ങളാണ് ഉള്ളത്. ജോലി കഴിഞ്ഞെത്തുന്നവര്‍ക്കും മറ്റും കായിക പരിശീലനത്തിനുള്ള വേദിയായിരുന്നു ഇവയെങ്കിലും ഉത്തരവ് തങ്ങളെ ബാധിക്കുമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
 

click me!