റോഡിലെ 'വെള്ളക്കെട്ട് സ്വിമ്മിംഗ് പൂളാക്കി' നാട്ടുകാര്‍; ദാ എത്തി എംഎല്‍എയും! വാഴ നടണമെന്ന് ഉപദേശം

By Web TeamFirst Published Aug 7, 2022, 6:15 PM IST
Highlights

ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി. പ്രതിഷേധക്കാര്‍ റോഡ‍ിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.

മലപ്പുറം: സംസ്ഥാനത്തെ റോഡ‍ുകളുടെ ദുരവസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മലപ്പുറം പാണ്ടിക്കാട്ടെ നാട്ടുകാര്‍. കുഴികൾ നിറഞ്ഞ് കുളമായ റോഡ് 'സ്വിമ്മിംഗ് പൂള്‍' ആക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി. പ്രതിഷേധക്കാര്‍ റോഡ‍ിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.

എംഎല്‍എ ഒന്ന് ഉഷാറാകാണം എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. മലപ്പുറം മഞ്ചേരി ഒലിപ്പുഴ റോഡിൽ കിഴക്കെ പാണ്ടിക്കാട് ഭാഗത്താണ് പ്രതിഷേധം നടന്നത്. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നൽകിയിരുന്നു എന്നാണ് എംഎൽഎ പറയുന്നത്. അതേസമയം, റോഡിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് തുടരുകയാണ്.  ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത്  എന്നാണ് അഭിപ്രായമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല.  ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. എന്നാല്‍, റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനമെന്നാണ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചത്. റോഡിലെ കുഴിയടക്കാൻ പണമില്ല. ഇങ്ങനെ പോയാൽ അടിയന്തര പ്രക്ഷോഭം നടത്തേണ്ടി വരും. പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളിയായ ഹാഷിം മരണപ്പെട്ട വിഷയത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ ഇടപ്പെട്ടിരുന്നു.

'ദേശീയ കുഴിയാണേലും സംസ്ഥാന കുഴിയാണേലും മരിക്കുന്നത് മനുഷ്യര്‍'; റിയാസിനെതിരെ സതീശൻ

ദേശീയപാതകളിലെ കുഴികൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം,ലിംഗ സമത്വത്തിന്റെ പേരിൽ നടത്തുന്നത് അനാവശ്യപരിഷ്കാരം: ലീഗ്

tags
click me!