റോഡരികിൽ നിന്ന് വെട്ടിമാറ്റിയ മരത്തടികൾ നീക്കം ചെയ്തില്ല, എ.ഇ ഓഫീസിൽ കൊണ്ടിട്ട് പഞ്ചായത്ത് പ്രസിഡൻറിന്റെ പ്രതിഷേധം

Published : Jun 18, 2025, 01:52 PM IST
Wood dumped in PWD office

Synopsis

എ.ഇയെ കാണാൻ തിങ്കളാഴ്ച വൈകീട്ട് നാലിന് ഓഫിസിലെത്തിയെങ്കിലും ആറുമണി വരെ ഇരുന്നിട്ടും കാണാതായതോടെ ഓഫിസിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു

മലപ്പുറം: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികിൽ നിന്നും വെട്ടിയ മരത്തടികൾ നീക്കം ചെയ്യാതെ കിടന്നതോടെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻറ്. കാൽനടയാത്രക്കാരും സമീപത്തെ കടകളിലുള്ളവരും ഏറെ ബുദ്ധിമുട്ടിലായതോടെ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സലിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ ഇവ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇന്നലെയായിരുന്നു വേറിട്ട പ്രതിഷേധം നടന്നത്.

ആനമങ്ങാട് അങ്ങാടിയിലെ അപകടകരമായ നിലയിലുള്ള മരങ്ങൾ കരാർ നൽകിയാണ് മുറിച്ചുനീക്കിയത്. മുറിച്ചിട്ട മരങ്ങളുടെ മതിപ്പുവില കണക്കാക്കിയ ശേഷം ലേലം ചെയ്യുകയാണ് വേണ്ടത്. എന്നാൽ 12 ദിവസത്തോളം മരങ്ങൾ റോഡുവക്കിൽ കിടന്നു. സമീപത്തെ കടകളിലേക്ക് വരുന്നവർക്ക് വാഹനം നിർത്താനും മറ്റും കഴിയാത്ത വിധമാണ് മരത്തടികൾ കിടന്നിരുന്നത്. ഇവ കടകളുടെ മുന്നിൽ നിന്ന് മാറ്റാൻ പെരിന്തൽമണ്ണ മരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറോട് ആദ്യം നാട്ടുകാരും പിന്നീട് ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

പിന്നീട് എ.ഇയെ വിളിച്ച് മരം തിങ്കളാഴ്ച തന്നെ നീക്കണമെന്നും അല്ലെങ്കിൽ തങ്ങൾ ഓഫിസിലെത്തി പ്രതിഷേധിക്കുമെന്നും അറിയിച്ചതായി ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ പറഞ്ഞു. തുടർന്ന് എ.ഇയെ കാണാൻ തിങ്കളാഴ്ച വൈകീട്ട് നാലിന് ഓഫിസിലെത്തിയെങ്കിലും ആറുമണി വരെ ഇരുന്നിട്ടും കാണാതായതോടെ ഓഫിസിൽ ഇരുന്ന് പ്രതിഷേധിച്ചു. തുടർന്ന് മരങ്ങൾ ലോറിയിൽ കയറ്റി ഓഫിസ് മുറ്റത്ത് തള്ളുകയായിരുന്നു.

നാട്ടുകാരുടെ ആവശ്യം അനുനയത്തിൽ പരിഹരിക്കുന്നതിന് പകരം അവഗണന കാണിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഭവം വാർത്തയായതോടെ ഓഫീസ് അധികൃതർ മരാമത്ത് വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഫീസ് മുറ്റത്തേക്ക് വാഹനങ്ങൾ കയറാനാവാത്ത വിധം ഗേറ്റിനു സമീപം തള്ളിയ മരത്തടികൾ അധികൃതർ തടസ്സമില്ലാത്ത വിധം ഒതുക്കിയിട്ടിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകേണ്ടത് തങ്ങളല്ലെന്നും മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയാണ് ചെയ്തതെന്നും പെരിന്തൽമണ്ണ പൊതുമരാമത്ത് റോഡ്ഡ് വിഭാഗം അസി. എൻജിനീയർ പ്രദീപ് പറഞ്ഞു. മരത്തടികൾ ഓഫിസ് വളപ്പിലാണുള്ളതെന്നും അവ ലേലം ചെയ്യുമെന്നും അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്