
തൃശൂർ: തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി മഹോത്സവത്തോട് അനുബന്ധിച്ച് തൃശൂർ താലൂക്ക് പരിധിയിൽ നാളെ (ഓഗസ്റ്റ് 29, ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രശസ്തമായ സാംസ്കാരിക കൂട്ടായ്മ കാണാൻ വൻ ജനപ്രവാഹം എത്താൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. അവധി പ്രഖ്യാപിച്ചതോടെ പുലിക്കളി ആഘോഷങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ കളറാകും. തൃശൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. കൂടാതെ, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഉത്സവമാണ് പുലിക്കളി. തൃശൂർ സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പ്രസിദ്ധവും വർണ്ണാഭവുമായ ഈ തെരുവു കലാരൂപത്തിനൊടുവിൽ ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കപ്പെടും. ശരീരത്തിൽ പുലിയുടെയും കടുവയുടെയും മാതൃകകൾ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികൾ തുള്ളിയുറയുന്ന കാഴ്ച നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളെയാണ് തൃശൂരിലേക്ക് ആകർഷിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം തൃശൂരിന്റെ സാംസ്കാരിക തനിമയുടെയും ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത പ്രധാന ആകർഷണമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam