
കൽപ്പറ്റ: സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ വയനാട്ടിലെ പുത്തുമല ഗവ എൽപി സ്കൂൾ. കഴിഞ്ഞ ദിവസം ആകെ എത്തിയത് മൂന്നു പേരാണ്. സ്കൂളിലെത്തേണ്ട കുരുന്നുകളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമൊക്കെയാണ്. ചൂരൽമല ദുരന്തത്തിൽ കുട്ടികളുടെ ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതിനാൽ പുത്തുമല സ്കൂളിനേയും അത് ബാധിക്കുകയായിരുന്നു.
5 വർഷം മുമ്പാണ് പുത്തുമല ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൻ്റെ ബാക്കി പാത്രം പോലെ തേയില തോട്ടങ്ങൾക്കിടയിലാണ് പഴയ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ താഴ്‌വാരത്താണ് ഈ പുതിയ കെട്ടിടമുള്ളത്. ദുരന്തസ്ഥലത്തോടു ചേർന്ന സ്കൂളുകളിൽ പുത്തുമല സ്കൂൾമാത്രമാണ് തുറന്നത്. ഇവിടെ ആകെയുള്ളത് 75 കുട്ടികളാണ്. ഈ കുട്ടികളിൽ മൂന്നുപേരല്ലാതെ മറ്റാരും ഇന്നലെ എത്തിയില്ല. ഇവിടെ അധ്യാപകരും അനധ്യാപകരും ക്ലാസ് മുറികളൊരുക്കി കുട്ടികൾക്കായി കാത്തിരിക്കുകയാണ്.
പുത്തുമല ഉരുൾപൊട്ടലിൻ്റെ ഭീതി ഇപ്പോഴും ഈ പ്രദേശത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ശക്തമായൊരു മഴ പെയ്താൽ ഹാജർനില കുറയും. ഇപ്പോൾ ചൂരൽമലയിൽ കുട്ടികളുടെ വീടിനോട് ചേർന്നുള്ള പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. ദിവസങ്ങൾ നീണ്ട അവധിക്ക് ശേഷം ഹാദിയും അംനയും എയ്മിയും മാത്രമാണ് സ്കൂളിൽ എത്തിയിരിക്കുന്നത്. ക്ലാസിൽ ഇവരുടെ കൂട്ടുകാരാരും വന്നിട്ടുമില്ല. അവർക്ക് എന്നു വരാൻ കഴിയുമെന്നും അറിയില്ല.
ഭയങ്കര പേടിയായിരുന്നു. കുറേയാളുകൾ മരിച്ചുപോയി. എൻ്റെ ചേച്ചിയുടെ കൂട്ടുകാരികളെല്ലാവരും മരിച്ചുപോയെന്നും പറയുകയാണ് കൊച്ചു എയ്മി. പല കുട്ടികളുടേയും ബന്ധുക്കളെല്ലാവരും മരിച്ചു. അതവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇവിടെ പഠിക്കുന്നവരും മദ്രസയിലൊക്കെ ഒരുമിച്ച് പോവുന്നവരുണ്ട്. അവർക്കൊക്കെയും വിഷമമാണെന്ന് സ്കൂളിലെ സ്റ്റാഫ് ആയ ഷീജ പറയുന്നു. അഞ്ചുവർഷത്തിന് ശേഷം ഈ വിദ്യാലയത്തെ വീണ്ടും ദുരന്തം ബാധിച്ചതുപോലെയാണ് തോന്നുന്നതെന്ന് പ്രധാനാധ്യാപകനായ ഷാജി പറയുന്നു. പകുതിയോളം കുട്ടികൾ ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ്. ഇവർക്കൊക്കെ കൗൺസലിംഗ് ഉൾപ്പെടെ നൽകേണ്ടതുണ്ടെന്നും ഷാജി പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam