മികച്ച പൂന്തോട്ടങ്ങളില്‍ മൂന്നാറിലെ റെയില്‍വേ ഗാര്‍ഡനും, നേട്ടമായി ബിബിസി അംഗീകാരം

By Web TeamFirst Published Feb 21, 2020, 12:07 PM IST
Highlights

വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച പൂന്തോട്ടങ്ങളുടെ ബിബിസി തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മൂന്നാറിലെ റെയില്‍വേ ഗാര്‍ഡന്‍. 

മൂന്നാര്‍. മൂന്നാറിന് പേരു ലഭിക്കുവാന്‍ കാരണമായ മൂന്നു പുഴകളുടെ സംഗമസ്ഥലത്ത് പൂക്കളുടെ നിറച്ചാര്‍ത്തുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന പൂന്തോട്ടത്തിന് ബിബിസി യുടെ അംഗീകാരം. കണ്ണന്‍ ദേവന്‍ കമ്പനിയുടെ റീജിയണല്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഉദ്യാനമാണ് ബിബിസിയുടെ ശ്രദ്ധ നേടിയത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 80 പൂന്തോട്ടങ്ങളുടെ പട്ടികയിലാണ് മൂന്നാറിലെ പൂന്തോട്ടവും ഉള്‍പ്പെട്ടത്.

ലോകത്തിലുടനീളമുള്ള ഉദ്യാനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പരയായ 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഗാര്‍ഡന്‍' എന്ന പരിപാടിയിലാണ് മൂന്നാറിലെ പൂന്തോട്ടം ഇടംപിടിച്ചത്. മൂന്നാറിലെ തണുപ്പുകാലം അനുഭവിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കണ്ണിന് വര്‍ണാഭമാകുന്ന കാഴ്ചയാണ് ഈ ഉദ്യാനം ഒരുക്കുന്നത്. കെഡിഎച്ച്പി കമ്പനി തന്നെയാണ് ഈ ഉദ്യാനം പരിപാലിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച റെയില്‍സ്റ്റേഷന്‍ നിലനിന്ന ഭാഗത്തു നിര്‍മ്മിച്ചതു കാരണമാണ് റെയില്‍വേ ഗാര്‍ഡന്‍ എന്ന പേരു നിലനില്‍ക്കുന്നത്. 1924 ലെ വെള്ളപ്പൊക്കത്തില്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നെങ്കിലും പൂന്തോട്ടം അതിന്റെ ഓര്‍മയുണര്‍ത്തി ഇന്നും നിലനില്‍ക്കുന്നു.

മൂന്നാറിലെ മൂന്നു പുഴകളും സംഗമിക്കുന്ന സ്ഥലത്തു തന്നെയാണ് ഈ പൂന്തോട്ടം നിലനില്‍ക്കുന്നതെന്നുമുള്ള വസ്തുതയും സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്നു. പുഴയോട് ചേര്‍ന്നു നിലനില്‍ക്കുന്ന ഉദ്യോനത്തില്‍ അപൂര്‍വ്വങ്ങളായ നിരവധി പൂക്കളുണ്ട്. ഇതിനോടു ചേര്‍ന്ന് ചായയുടെ വിവിധ തരത്തിലുള്ള രുചികള്‍ ആസ്വദിക്കാനുള്ള സൗകര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
 

click me!