
ഇടുക്കി: മുൻ വൈരാഗ്യത്തെ തുടർന്ന് കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദിച്ച പ്രതികളെ ഇടുക്കി രാജാക്കാട് പൊലീസ് പിടികൂടി. ഇടുക്കി രാജകുമാരി എൻഎസ്എസ് കോളേജിന്‍റെ ഹോസ്റ്റലിൽ കയറിയായിരുന്നു മർദനം. ആക്രമണത്തിൽ ലക്ഷദ്വീപ് സ്വദേശി സൈദ് മുഹമ്മദ് നിഹാൽ, പത്തനംതിട്ട സ്വദേശി അജയ്, ഹരിദേവ് എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാവിലെ രാജകുമാരി എൻഎസ്എസ് കോളേജിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഹോസ്റ്റലിൽ കയറിയുള്ള മർദനം. ലക്ഷദ്വീപ് സ്വദേശിയും എൻഎസ്എസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ സൈദ് മുഹമ്മദ് നിഹാൽ, സുഹൃത്തുക്കളായ അജയ്, ഹരിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രാജകുമാരി സ്വദേശികളായ അഭിജിത്ത്, ആദിത്യൻ, ബെനഡിക്ട്, അശ്വിൻ, ആദർശ്, ജുവൽ, കെഹൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മർദനമേറ്റ നിഹാലിനോട് പ്രതികളിൽ ചിലർക്ക് വൈരാഗ്യം ഉണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി കയറി വന്നവർ പുറകിൽ നിന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പറയുന്നത്.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മർദനത്തിൽ പരുക്കേറ്റ മൂന്നു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam