'നിപ ഭീതി': വെറുതെ കൊടുത്താല്‍ പോലും റമ്പുട്ടാൻ വാങ്ങനാളില്ല; കര്‍ഷകര്‍ ദുരിതത്തില്‍

By Web TeamFirst Published Sep 20, 2021, 8:10 AM IST
Highlights

കൃഷിയിടങ്ങളിൽ റമ്പൂട്ടാൻ പഴുത്ത് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്പുട്ടാൻ കഴിക്കാൻ ആളുകൾക്ക് ധൈര്യം പോര. ഇതോടെ  പഴക്കടക്കാർ കച്ചവടം നിർത്തി.

കട്ടപ്പന: നിപ ഭീതി മൂലം  വാങ്ങാൻ ആളില്ലാതായതോടെ റമ്പുട്ടാൻ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. പറിച്ച് വിൽക്കാൻ കഴിയാത്തതിനാൽ പഴങ്ങൾ കൊഴിഞ്ഞു നശിക്കുകയാണിപ്പോൾ.

കൃഷിയിടങ്ങളിൽ റമ്പൂട്ടാൻ പഴുത്ത് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്പുട്ടാൻ കഴിക്കാൻ ആളുകൾക്ക് ധൈര്യം പോര. ഇതോടെ  പഴക്കടക്കാർ കച്ചവടം നിർത്തി. വാങ്ങാനാളില്ലാത്തതിനാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നൽകാമെന്ന് കച്ചവടക്കാർ ഉറപ്പു നൽകിയിരുന്നതാണ്. എന്നാലിപ്പോൾ വെറുതെ കൊടുത്താൻ പോലും വാങ്ങനാളില്ല.

വർഷത്തിൽ ഒരു തവണ മാത്രമാണ് റമ്പുട്ടാൻ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാൽ ഇടവിളയായി ഇടുക്കിയിൽ നിരവധി പേരാണ് റമ്പുട്ടാൻ കൃഷി ചെയ്യുന്നത്.  മരങ്ങൾ നശിക്കാതിരിക്കാൻ പഴങ്ങൾ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കർഷകരിപ്പോൾ. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ഇത്തവണ നല്ല വിളവും കിട്ടി.  

ഒരു മരത്തിൽ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വിൽക്കാൻ കഴിയാത്തതിനാൽ പതിനായിരങ്ങളുടെ നഷ്ടമാണ് ഇത്തവണ കർഷകർക്കുണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്നും ശേഖരിച്ച റമ്പുട്ടാൻ പഴങ്ങളിൽ നിപ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വാർത്ത ഇവർക്ക് തെല്ല് ആശ്വാസമായിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!