റേഷന്‍വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പായി

By Web TeamFirst Published Jun 18, 2019, 10:50 PM IST
Highlights

എല്ലാ റേഷന്‍കടകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്‍കണം എന്ന കര്‍ശനനിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം തര്‍ക്കങ്ങളോ, പ്രശ്‌നങ്ങളോ ഉണ്ടാവുമ്പോള്‍ റേഷന്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ബന്ധപ്പെട്ട ഓഫീസുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് ഇരുകൂട്ടരും സംയുക്തമായി അറിയിച്ചു.

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിലെ റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കരുവണ്ണൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ കയറ്റിറക്ക് തൊഴിലാളികളും റേഷന്‍വ്യാപാരികളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് റേഷന്‍വ്യാപാരികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പായി. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.കെ. രാജന്‍ (സി.ആര്‍.ഒ നോര്‍ത്ത്), ജില്ലാ സപ്ലൈ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് പി ജി പ്രമോദ്കുമാര്‍, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വി പി രാജീവന്‍, സപ്ലൈകോ കൊയിലാണ്ടി അസിസ്റ്റന്റ് മാനേജര്‍ ടി.സി.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ്  തീരുമാനം. സമരം പിന്‍വലിച്ച് റേഷന്‍കട തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അധികാരികള്‍ റേഷന്‍വ്യാപാരികളോട് നിര്‍ദേശിച്ചു.

എല്ലാ റേഷന്‍കടകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്‍കണം എന്ന കര്‍ശനനിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം തര്‍ക്കങ്ങളോ, പ്രശ്‌നങ്ങളോ ഉണ്ടാവുമ്പോള്‍ റേഷന്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ബന്ധപ്പെട്ട ഓഫീസുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് ഇരുകൂട്ടരും സംയുക്തമായി അറിയിച്ചു. ബോര്‍ഡിനെ പ്രതിനിധീകരിച്ച് മനോജന്‍, വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് മൂസ പന്തീരാങ്കാവ് (ഐ.എന്‍.ടി.യു.സി), സി നാസര്‍ (സി.ഐ.ടി.യു), എ ടി അബ്ദു (എസ്ടിയു), എ സി വിനോദന്‍ (ബിഎംഎസ്), ടി എം ശശി (എ ഐ ടി യുസി), കരാറുകാരനെ പ്രതിനിധീകരിച്ച് അബ്ദുള്‍കരീം, റേഷന്‍ വ്യാപാരി സംഘടനകളെ പ്രതിനിധീകരിച്ച് ഇ അബൂബക്കര്‍ ഹാജി, കെ പവിത്രന്‍, പി പവിത്രന്‍, കെ പി അഷറഫ്, ഗോപി പി കെ എന്നിവര്‍ പങ്കെടുത്തു.

click me!