അരിലോറി പിന്തുടര്‍ന്ന് നാട്ടുകാര്‍; റേഷന്‍ കടയുടമയുടെ വീട്ടില്‍ സൂക്ഷിച്ച അരി പിടിച്ചെടുത്തു

By Web TeamFirst Published Oct 1, 2020, 7:32 AM IST
Highlights

നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു എഫ്.സി.ഐ മുദ്രയോട് കൂടിയ 64 ചാക്ക് റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ മറ്റൊരു ബ്രാന്റിന്റെ പേരുള്ള ചാക്കിലേക്കും റേഷന്‍ അരി മാറ്റി സൂക്ഷിച്ചതായും കണ്ടെത്തി.
 

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും റേഷന്‍ ക്രമക്കേട് കണ്ടെത്തി നടപടി എടുത്ത് അധികൃതര്‍. ചൊവ്വാഴ്ച റേഷന്‍ കടയുടമയുടെ വീട്ടില്‍ സൂക്ഷിച്ച അരി സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരെത്തി പിടികൂടി. മാനന്തവാടി ദ്വാരകയിലെ റേഷന്‍ കടയുടമയും കെല്ലൂര്‍ സ്വദേശിയുമായി കെ. നാസര്‍ എന്നയാളുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു എഫ്.സി.ഐ മുദ്രയോട് കൂടിയ 64 ചാക്ക് റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ മറ്റൊരു ബ്രാന്റിന്റെ പേരുള്ള ചാക്കിലേക്കും റേഷന്‍ അറി മാറ്റി സൂക്ഷിച്ചതായും കണ്ടെത്തി. 20 കിലോ ഗ്രാമിന്റെ 242 ബാഗുകളാണ് ഇത്തരത്തില്‍ കണ്ടെടുത്തത്.

നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍സപ്ലൈസിന്റെ ഗോഡൗണില്‍ നിന്ന് റേഷന്‍ കടയിലേക്ക് എന്ന വ്യാജേന അരി വീട്ടിലേക്ക് എത്തിക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്ന് ഗോഡൗണില്‍ നിന്നുള്ള വാഹനം ഇവര്‍ പിന്തുടരുകയായിരുന്നു. പിടിച്ചെടുത്ത അരി സര്‍ക്കാര്‍ ഗോഡൗണിലേക്ക് തന്നെ മാറ്റി. സംഭവത്തെ തുടര്‍ന്ന് മറ്റു റേഷന്‍കടകളിലും അധികൃതര്‍ പരിശോധന നടത്തി. ദ്വാരകയില്‍ തന്നെയുള്ള എ.ആര്‍.ഡി 35-ാം നമ്പര്‍ കടയില്‍ ആറു കിന്റല്‍ അരി കൂടുതലാണെന്ന് കണ്ടെത്തി. അതേ സമയം സംഭവത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണ്‍ ഉപരോധിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

click me!