മൂന്ന് സംസ്ഥാനങ്ങളില്‍ മൂന്ന് തരം നിയന്ത്രണങ്ങള്‍; വലഞ്ഞ് വയനാട്ടിലെ സ്ഥിരം യാത്രക്കാര്‍

By Web TeamFirst Published Jul 14, 2021, 9:44 AM IST
Highlights

നിലവില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തമിഴ്‌നാട്ടിലും ഏറെക്കുറെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ പോലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 

കല്‍പ്പറ്റ: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ രീതികള്‍ അശാസ്ത്രീയമാണെന്ന് പരാതി ഉ യരുന്നതിനിടെ വലയുകയാണ് പലവിധ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കേണ്ടി വരുന്ന വയനാട്ടിലെ സ്ഥിരം യാത്രക്കാര്‍. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന രണ്ട് സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകാനുള്ള നിയന്ത്രണങ്ങള്‍ക്ക് അയവുവന്നിട്ടുണ്ടെങ്കിലും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടക്കണമെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. 

നിലവില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തമിഴ്‌നാട്ടിലും ഏറെക്കുറെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ പോലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലമാണ് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്. സ്ഥിരമായി കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോയി തിരിച്ചുവരുന്നവരെയാണ് കേരളത്തിലെ നിയന്ത്രണങ്ങള്‍ ബാധിച്ചിരിക്കുന്നത്. 

കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി പേരാണ് കേരളത്തില്‍ നിന്നും പോയി പഠിക്കുന്നത്. മാത്രമല്ല കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള കച്ചവടക്കാരും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പോയി തിരികെ വരുന്നവരാണ്. ഇവരെയൊക്കെ കേരളത്തിന്റെ നിയന്ത്രണങ്ങള്‍ ശരിക്കും ബാധിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.പി.സി.ആര്‍ ഫലമാണ് കാണിക്കേണ്ടത് എന്നതിനാല്‍ തന്നെ പൊതുയാത്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. പരിമിതമായ ബസുകള്‍മാത്രമാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നുള്ളു. അതിനാല്‍ തന്നെ പലര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ കഴിയുന്നില്ല. മണിക്കൂറുകള്‍ കൊണ്ട് തന്നെ സീറ്റുകളുടെ ബുക്കിങ് അവസാനിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നത്. ഇത് കാരണം യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവെക്കേണ്ടതായി വരും. 

വൈകിയാല്‍ വീണ്ടും പുതിയ ആര്‍.ടി.പി.സി.ആര്‍ എടുത്താണ് പലരും കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിലേക്ക് എത്തിയത്. ബസുകളുടെ എണ്ണം കുറവായത് മാത്രമല്ല എല്ലാ റൂട്ടുകളിലേക്കും ബസുകള്‍ ഓടുന്നുമില്ല എന്നതും യാത്ര വൈകാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഹാസനിലേക്ക് പേകേണ്ട കേരളത്തില്‍ നിന്നുള്ള യാത്രക്കാരന്‍ കേരളത്തിലെ ബസില്‍ സീറ്റ് ഉറപ്പാക്കിയെങ്കിലും ഈ ബസ് മൈസൂരുവില്‍ എത്തുന്ന സമയത്ത് ഹാസനിലേക്കുള്ള ബസില്‍ സീറ്റ് ഉറപ്പിക്കാനായില്ല. മണിക്കൂറുകളോളം മൈസുരുവില്‍ കാത്തുനിന്നതിന് ശേഷമാണ് വരും ഹാസനിലേക്കും മറ്റും പോകുന്നത്.

അതേ സമയം കേരളത്തിലെ കടുത്ത നിയന്ത്രണങ്ങളെ കുറിച്ച് അറിയാതെ നിരവധി പേരാണ് വിവിധ അതിര്‍ത്തിയിലെത്തുന്നത്. വയനാട്ടില്‍ നിന്ന് നിരവധി പേര്‍ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും നിത്യേനയെന്നോണം ജീവിതമാര്‍ഗ്ഗം തേടി പോകുന്നുണ്ട്. ഇതിനെയെല്ലാം നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഇ-പാസ് ആവശ്യമാണ്. എന്നാല്‍ അവിടെ പോയി കേരളത്തിലേക്ക് മടങ്ങുന്നവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ പോലും ആര്‍.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. നീലഗിരി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ കേരളത്തിലെ നമ്പ്യാര്ക്കുന്ന്, വടുവന്‍ചാല്‍, പന്തല്ലൂര്‍ മേഖലകളില്‍ നിന്ന് നിരവധി പേര്‍ക്ക് ജോലി ആവശ്യാര്‍ഥം തമിഴ്‌നാട്ടിലേക്ക് പോയി തിരിച്ച് യാത്ര ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവുവന്നിട്ടും പലരും ജോലിസ്ഥലത്തേക്ക് എത്താതെ ബുദ്ധിമുട്ടുകയാണ്. ഇതര സംസ്ഥാനങ്ങളിലേതുപോലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!