
കൊല്ലം: കുന്നത്തൂരിൽ വീട്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കുന്നത്തൂർ സ്വദേശി ഷിബുവിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 31നാണ് ഷിബുവിനെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഖത്തറില്‍ ജോലി ചെയ്യുന്ന യുവതിയെ അടുത്തിടെയാണ് ഷിബു വിവാഹം കഴിച്ചത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതി വിദേശത്തേക്ക് പോയതോടെ വീട്ടില്‍ ഷിബു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അയല്‍ക്കാരുമായി ഇയാൾ അധികം ഇടപഴകിയിരുന്നില്ല.
ഖത്തറിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിബുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷിബു മരിച്ച ദിവസം രാത്രി വിദേശത്തുള്ള സഹോദരിയുമായി ഫോണില്‍ സംസാരിക്കവേ ഖത്തറിലേക്ക് പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കാനായി ഭാര്യയുടെ സഹോദരിയും ഭര്‍ത്താവും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവര്‍ എത്തിയെന്ന് പറഞ്ഞ് ഷിബു ഫോണ്‍ കട്ട് ചെയ്തെന്നും ഈ സമയം ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതായും സഹോദരി പൊലീസിന് മൊഴി നല്‍കി.
ഷിബുവിനെ കാണാന്‍ ഒരു കാറില്‍ ചിലര്‍ എത്തിയിരുന്നതായി അയല്‍വാസികളും പറഞ്ഞു. പിന്നീട് സഹോദരിയും ഭാര്യയും പലതവണ വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ഷിബുവിനെ വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam