ദുരിതാശ്വാസ പ്രവർത്തനം; വിദ്യാര്‍ത്ഥികള്‍ക്ക് 25ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല

By Web TeamFirst Published Aug 24, 2018, 10:34 AM IST
Highlights

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 25ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല ഉത്തരവിറക്കി. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ്മാര്‍ക്ക് നല്‍കുക. 


തിരുവന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 25ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല ഉത്തരവിറക്കി. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ്മാര്‍ക്ക് നല്‍കുക. ഓരോ വിഷയത്തിനും ലഭിക്കുന്ന മാര്‍ക്കിന്‍റെ 25 ശതമാനമാണ് ഗ്രേസ് മാര്‍ക്കായി നല്‍കുന്നത്. എന്നാല്‍ വിഷയത്തിന്‍റെ ആകെ മാര്‍ക്കിന്‍റെ 10 ശതമാനത്തില്‍ അധികം ഗ്രേസ് മാര്‍ക്കായി നല്‍കില്ല. 

സര്‍വ്വകലാശാലയുടെ കീഴിലുള്ള 143 ബി.ടെക്,എം.ടെക്, എം.ബി.എ , എം.സി.എ. തുടങ്ങി സര്‍വ്വകലാശാലക്ക് കീഴിലുള്ള മുഴുവന്‍ കോഴ്‌സുകള്‍ക്കും സര്‍വ്വകലാശാലക്ക് കീഴില്‍വരുന്ന മുഴുവന്‍ കോളേജുകള്‍ക്കും നിലവിലുള്ള റെഗുലര്‍, സപ്ലിമെന്‍‌ററിക്കാരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിരിക്കും. തിയറി പരീക്ഷകള്‍ക്ക് മാത്രമായിരിക്കും ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്. 

പ്രാക്ടിക്കല്‍, ലാബ്, വൈവ എന്നിവയുടെ മാര്‍ക്കുകള്‍ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുകയില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തേണ്ടതിനുള്ള ഉത്തരവാദിത്വം കോളേജ് യൂണിയനുകള്‍ക്കായിരിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ പ്രിന്‍സിപ്പാള്‍ മുഖാന്തരം യുണുവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. 

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു തവണത്തേക്ക് മാത്രമാണ് സര്‍വ്വകലാശാല ഗ്രേസ്മാര്‍ക്ക് അനുവദിക്കുന്നത്. ആദ്യ സെമസ്റ്ററിന്‍റെ രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഗ്രേസ്മാര്‍ക്കിന് അര്‍ഹരായിരിക്കില്ലെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജെ ലത വ്യക്തമാക്കി.

click me!