
ചെങ്ങന്നൂര്‍: സറ്റോപ്പ് മെമ്മോ കാറ്റില്‍പ്പറത്തി അനധികൃതമായി ഖനനം ചെയ്ത് മണ്ണും പാറയും കടത്താന്‍ ശ്രമിച്ച ജെ സി ബി റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെ ശ്രീകല, ടി എസ് ഗീതാകുമാരി, ടി എന്‍ ദീപ്തി ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീധര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
താലൂക്കില്‍ അനധികൃത മണ്ണെടുപ്പും മണല്‍വാരലും നടക്കുന്നുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തഹസില്‍ദാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ടെലിഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് മുളക്കുഴ പഞ്ചായത്തിലെ പെരിങ്ങാലയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണും കല്ലും കടത്താന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്.
നേരത്തെ ഈ പ്രദേശത്തെ അനധികൃത പാറ ഖനനത്തിനെതിരെ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുള്ളതാണ്. പഞ്ചായത്തിന്റെ നടപടിയെ മറികടന്നാണ് ഇപ്പോള്‍ ഇവിടെ പാറയും മണ്ണും കടത്താന്‍ ശ്രമിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ കെ എല്‍ 14 ക്യൂ 5799 നമ്പര്‍ ജെ സി ബി മേല്‍നടപടിക്കായി ചെങ്ങന്നൂര്‍ പോലീസിന് കൈമാറി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലെ സ്‌കാഡ് പ്രവര്‍ത്തനം ശക്തമായതോടെ ചെങ്ങന്നൂര്‍ റവന്യൂ അധികൃതര്‍ പിടികൂടുന്ന 12 -ാമത്തെ വാഹനമാണിത്. ഇതില്‍ 2 വാഹനങ്ങള്‍ പോലീസാണ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam