Latest Videos

'എങ്ങും ഷെല്ലുകളുടെ കാതടപ്പിക്കുന്ന ശബ്ദം': ഉക്രൈൻ യുദ്ധമുഖത്തെ നടുങ്ങുന്ന നിമിഷങ്ങൾ വിവരിച്ച് റിൻഷ

By Vinod MadathilFirst Published Mar 10, 2022, 10:04 PM IST
Highlights

''യുദ്ധം തുടങ്ങിയതോടെ ഭക്ഷണം സംഭരിച്ച് വെയ്ക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. ഖാർകിവ് കോളേജ് ഹോസ്റ്റലിനടുത്ത് ബങ്കറിലാണ് ആദ്യ എട്ടു ദിവസം കഴിഞ്ഞത്. എട്ടാം ദിവസം ഹോസ്റ്റലിനടുത്ത് ബോംബ് പൊട്ടി.'' 

കോഴിക്കോട്: എവിടെയും ഷെല്ലാക്രമണത്തിൻ്റെ ഭീതിപ്പെടുത്തുന്ന  ശബ്ദം മാത്രം. ഫെബ്രുവരി 24ന് പുലർച്ചെ ഘോരശബ്ദം കേട്ടാണ് ഞെട്ടിയുണരുന്നത്. എപ്പോഴും എന്തും സംഭവിക്കാവുന്ന സാഹചര്യം. യുദ്ധമുഖത്ത് കുടുങ്ങി പോയതിൻ്റെ ഞെട്ടലിൽ നിന്നും റിൻഷ ഇപ്പോഴും പൂർണ്ണമായും മോചിതയായിട്ടില്ല. ഉക്രൈനിൽ എം ബി ബി. എസ് വിദ്യാർത്ഥിനിയായിരുന്ന കോഴിക്കോട് പുതുപ്പാടി ചെരുവിള പുത്തൻവീട് അബ്ദുൾ മനാഫിന്റെയും സീനത്തിന്റെ മകൾ റിൻഷ (22)യാണ് നാട്ടിൽ തിരിച്ചെത്തിയത്.

വി.എൻ.കരാസിൻ ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനായിരുന്ന റിൻഷ തൻ്റെ അനുഭവങ്ങൾ ഓർത്തെടുത്ത് പറയുമ്പോൾ മുഖത്ത് നടുക്കം മിന്നി മറയുന്നുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഭക്ഷണം സംഭരിച്ച് വെയ്ക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. ഖാർകിവ് കോളേജ് ഹോസ്റ്റലിനടുത്ത് ബങ്കറിലാണ് ആദ്യ എട്ടു ദിവസം കഴിഞ്ഞത്. എട്ടാം ദിവസം ഹോസ്റ്റലിനടുത്ത് ബോംബ് പൊട്ടി. ഇതോടെ ഭയമായി. ഇവിടെ സുരക്ഷിതമല്ലെന്ന് ബോധ്യമായി.  അവിടെ നിന്നും മാറാൻ തീരുമാനിച്ചു. ട്രെയിനിൽ കയറി ഹം​ഗറിയിലെത്തുകയായിരുന്നു ലക്ഷ്യം. 15 പേർ വാൻ സംഘടിപ്പിച്ച്  റെയിൽവേ സ്റ്റേഷനിൽ എത്തി. നാല് മണിക്കൂർ വാൻ യാത്രയും ഷെല്ലാക്രമണത്തിൻ്റെ ഇടയിലൂടെയായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ 4 മണിക്കൂർ കാത്ത് നിന്നപ്പോൾ ട്രെയിൻ വന്നെങ്കിലും ഇന്ത്യക്കാരെ കയറ്റുന്നില്ല. അപ്പോഴും ഷെല്ലാക്രമണത്തിൻ്റെയും ബോംബിങ്ങിൻ്റേയും ശബ്ദം പുറത്ത് മുഴങ്ങുന്നുണ്ടായിരുന്നു. അവിടം സുരക്ഷിതമല്ലെന്ന് കണ്ട് സമീപത്തെ മെട്രൊ സ്റ്റേഷനിൽ അഭയം തേടി. മണിക്കൂറുകൾ കാത്ത് നിന്ന ശേഷം ട്രെയിനിൽ 22 മണിക്കൂർ യാത്ര ചെയ്താണ് ഹംഗറി ബോർഡറിലെത്തിയത്. ഞങ്ങൾ 130 പെൺകുട്ടികളിൽ 2 പേർ മാത്രം ഉത്തരേന്ത്യക്കാർ, ബാക്കിയെല്ലാം മലയാളികളായിരുന്നു. ബോർഡറായ ജോപ്പിൽ നിന്നും ഹം​ഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലെത്തി. അവിടെ 2 ദിവസം കഴിയേണ്ടി വന്നു. 

ഇവിടെ നിന്നാണ് ഇന്ത്യൻ എംബസി യുടെ ഉൾപ്പെടെ സഹായങ്ങൾ ലഭിക്കുന്നത്. പിന്നീട് വിമാനത്തിൽ ഡൽഹിയിലെത്തി. അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തിലായിരുന്നു. കൊച്ചിയിൽ നിന്ന് കെ.എസ്.ആർ ടി.സിയുടെ ലോ ഫ്ളോർ ബസ്സിലാണ് കോഴിക്കോടെത്തിയത്. ഈങ്ങാപ്പുഴയിലെ വൈറ്റ് ഹൗസ് ഹോട്ടലിലിരുന്ന് രാഹുൽഗാന്ധി എം.പിയുമായി റിൻഷ സംസാരിച്ചു. തുടർപഠനം ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് രാഹുൽ ഗാന്ധി റിൻഷക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്.

click me!