
തൃശൂര്‍: ദേശീയപാത 544 മണ്ണുത്തി - വടക്കഞ്ചേരി മേഖലയില്‍ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവടങ്ങളില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ടി എന്‍ പ്രതാപന്‍ എംപി അറിയിച്ചു. 15 ദിവസങ്ങള്‍ക്കകം എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് ദേശീയപാത അതോറിറ്റി ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമര്‍പ്പിക്കും.
ഒരു മാസത്തിനകം എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് പണി ആരംഭിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാത അതോറിറ്റി പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എംപി അറിയിച്ചു.
ദേശീയപാത 544ലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് എംപിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക് പ്രദേശങ്ങളില്‍ അടിപ്പാത നിര്‍മിക്കണമെന്ന നിർദേശം സമര്‍പ്പിച്ചത്. ഇത് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് പ്രോജക്ട് ഓഫീസ് പഠനം നടത്തി ശുപാര്‍ശ ചെയ്ത് അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. എസ്റ്റിമേറ്റ് അംഗീകരിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന കാര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംപി അറിയിച്ചു.
അതേസമയം, പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നിരുന്നു. നിലവിലെ കരാർ വ്യവസ്ഥ പ്രകാരം സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തിയത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല.ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നിൽ കൂടുതൽ യാത്രകളുണ്ടെങ്കിൽ 140 രൂപ നൽകേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam