മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; വയനാട്ടില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു

By Web TeamFirst Published Apr 8, 2020, 7:47 AM IST
Highlights

വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. ലീഗല്‍ മെട്രോളജി വിഭാഗം മൂന്ന് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. അയ്യായിരം രൂപ പിഴ ഈടാക്കി.

കല്‍പ്പറ്റ: സാധാരണ സമയങ്ങളില്‍ പോലും പഴകിയ മത്സ്യങ്ങള്‍ ഏറെ എത്തുന്ന ജില്ലകളിലൊന്നാണ് വയനാട്. ലോക് ഡൗണ്‍കാലത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിരന്തരം പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിവിധ മാര്‍ക്കറ്റുകളിലും അധികൃതര്‍ പരിശോധന നടത്തി.  

ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മീനങ്ങാടി മേപ്പാടി എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വില്‍പ്പന ശാലകളിലുമാണ് പരിശോധന നടത്തിയത്. മീനങ്ങാടി ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ചൂത, ആവോലി മുളളന്‍, ആവോലി തുടങ്ങി ഒമ്പത് കിലോയും കല്‍പ്പറ്റ ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 3 കിലോയും പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. വില്‍പ്പനക്കാര്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മത്സ്യങ്ങള്‍ 50 :50 അനുപാതത്തില്‍ ഐസിട്ട് സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ജില്ലാ കലക്ടര്‍ അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും മാനന്തവാടി, 4-ാം മൈല്‍, 5-ാം മൈല്‍ എന്നിവിടങ്ങളിലെ പൊതുവിപണികള്‍ പരിശോധിച്ചു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. ലീഗല്‍ മെട്രോളജി വിഭാഗം മൂന്ന് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. അയ്യായിരം രൂപ പിഴ ഈടാക്കി. 28 പലചരക്ക് കടയും പച്ചക്കറി കടയും പരിശോധിച്ചു. സ്‌ക്വാഡിന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ഉസ്മാന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഫിറോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രസന്നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതേ സമയം ജില്ലയിലെ പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ചില്ലറവില്‍പ്പന വില പുതുക്കി നിശ്ചയിച്ചു. 

വില കൂട്ടി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. വില വിവരം(കിലോ):
 മട്ട അരി 37 - 39 രൂപ, ജയ അരി 38 - 40, കുറുവ അരി 39 - 41, പച്ചരി 26 - 32, ചെറുപയര്‍ 110 - 120, ഉഴുന്ന് 110-120, സാമ്പാര്‍ പരിപ്പ് 93 -102, കടല 65 -70 , മുളക് 170 -180, മല്ലി 90-92, പഞ്ചസാര - 40 , ആട്ട - 35, മൈദ - 35 ,സവാള 30-35, ചെറിയ ഉള്ളി 80-85, ഉരുളക്കിഴങ്ങ് 40-45, വെളിച്ചെണ്ണ 180 -200 തക്കാളി 20-24, പച്ചമുളക് 35-45, കുപ്പിവെള്ളം 13 രൂപ. അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കാം. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ 9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ 9188527406, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ 9188527407.


 

click me!