
തിരുവനന്തപുരം: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന റൗണ്ട് സ്ക്വയർ ഗ്ലോബൽ കോൺഫറൻസ് 2026-ൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ഇരുനൂറോളം വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചടങ്ങിൽ ജനാധിപത്യം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം യുവ വിദ്യാർത്ഥി പ്രതിനിധികളോട് സംസാരിച്ചു. ജനാധിപത്യ മൂല്യങ്ങളും ഉത്തരവാദിത്തമുള്ള പൗരബോധവും, പരിസ്ഥിതി ബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി വരുംതലമുറയുടെ കൈകളിലാണെന്നും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി നിലനിർത്താനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ജോർജ് എം. തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടർ സ്വപ്ന ജോർജ്, പ്രിൻസിപ്പൽ ഗൗരവ് ദാസ് ശർമ്മ, മേരി ജോർജ്, റൗണ്ട് സ്ക്വയർ സെക്രട്ടറി സാഷ സഖറിയ ജയരാജ് എന്നിവരും വേദിയിൽ പങ്കെടുത്തു. ട്രിൻസിന്റെ സ്നേഹോപഹാരമായി വിദ്യാര്‍ത്ഥിയായ വൃഷഭ് വിനോദ് നായർ വരച്ച പെയിന്റിംഗും പുസ്തകങ്ങളും മുഖ്യമന്ത്രി വിഡി തീശന് സമ്മാനിച്ചു.
ഉച്ചയ്ക്കുശേഷം വിദ്യാർത്ഥി പ്രതിനിധികൾ സമീപത്തെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചു. പ്രദേശവാസികളുമായുള്ള ബന്ധവും സാമൂഹിക സേവനവും ലക്ഷ്യമിട്ട് ട്രിൻസ് വർഷങ്ങളായി നടത്തിവരുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. സ്കൂൾ കുട്ടികളുമായി ആശയവിനിമയം നടത്താനും വിവിധ പഠനപ്രവർത്തനങ്ങൾ പങ്കുവെക്കാനും ഇതിലൂടെ സാധിച്ചു. തുടർന്ന് വൈകുന്നേരം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി. "എ ഷെയർഡ് ഷോർ: ഫ്രം ബി ലോങ്ങിങ് ടു ബികമിങ്" എന്ന പ്രമേയത്തിലാണ് റൗണ്ട് സ്ക്വയർ ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam