
മലപ്പുറം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ് വൈ എസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ പ്രമേയം പാസാക്കി. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ഇത്തരം നിലപാടുകൾ സ്വീകരിക്കുന്ന സജി ചെറിയാന് മന്ത്രിസ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.
മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നേരത്തെ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്നാണ് ശിവൻകുട്ടി അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം. സജി ചെറിയാൻ പറഞ്ഞതും അതു തന്നെയാണ്. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്നും വളച്ചൊടിച്ച് വാർത്ത വന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേര് പരാമർശിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായതോടെ സി പി എം നേതൃത്വം ഇടപെടുന്നു. വിവാദ പ്രസ്താവനയിൽ സജി ചെറിയാനോട് നേതൃത്വം തിരുത്തൽ ആവശ്യപ്പെട്ടേക്കുമെന്നാണ് വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത വേളയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ സി പി എം സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതിന് മുമ്പും വിവാദ പരാമർശങ്ങൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സജി ചെറിയാൻ ഇത്തവണയും പാർട്ടിയെ വെട്ടിലാക്കിയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള അഭിപ്രായം. ഇടതുപക്ഷത്തിന്റെ മതേതര നിലപാടുകളെ ഇത് ദുർബലപ്പെടുത്തിയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന ആശങ്കയിൽ, മന്ത്രി തിരുത്തൽ വരുത്തണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടേക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam