
ഇടുക്കി: പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരെ ശാന്തൻപാറ പോലീസ് പിടികൂടിയ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. മദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവർക്ക് ബെവ്കോ ഔട്ട്ലെറ്റിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്കോ ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം, കോലിയക്കോട് ഉല്ലാസ് നഗർ സ്വദേശി ബിനു, സുഹൃത്ത് പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു, ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു മാത്യു, മകന്‍ എബിന്‍ എന്നിവരെയാണ് ശാന്തന്‍പാറ പൊലീസ് പിടികൂടിയത്. ഇവർ പിടിയിലായത് ജീവനക്കാരുടെ ഇടപെടലിന് പിന്നാലെ ആയിരുന്നു.
പൂപ്പാറ തലക്കുളത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 35 ലിറ്റർ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. എംസി മദ്യത്തിൻറെയും സർക്കാരിൻറെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. ബെവ്കോ ഔട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വില്‍പന നടത്തുന്ന ഓട്ടോ ഡ്രൈവർമാർ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടു വന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ ഔട്‍ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപക്ക് നല്‍കാമെന്ന് ബിനു പറഞ്ഞ വിവരം ജീവനക്കാരിൽ ചിലർ അറിഞ്ഞിരുന്നു. ഇവർ വിവരം ബിവറേജസ് അധികൃതരെയും പൊലീസിനെയും എക്സൈസിനയും അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. കുറച്ചു ദിവസങ്ങളായി ബിനു പൊലീസിൻറെ നിരീക്ഷണത്തിലായിരുന്നു.
Read more: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്
ഏഴു മാസം മുന്‍പാണ് തിരുവന്തപുരം സ്വദേശിയായ ബിനു പൂപ്പാറയിലെ ബവ്റിജസ് ഔട്‌ലെറ്റിലേക്ക് സ്ഥലം മാറിയെത്തിയത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇവര്‍ വ്യാജ മദ്യം കൊണ്ടു വന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ശാന്തന്‍പാറ സിഐ മനോജ് കുമാര്‍ പറഞ്ഞു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam