
കോഴിക്കോട്: നാട്ടുകാര്‍ക്കും വീട്ടുകാർക്കും എന്നും അഭിമാനത്തോടെ ഓര്‍ക്കാവുന്ന തീരുമാനം യാഥാര്‍ഥ്യമാക്കി സരള യാത്രയായി. കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് രാമനാട്ടുകര കൊടക്കല്ല് പറമ്പ് സ്വദേശിനിയായ പുളിയക്കോട്ട് സരളയുടെ ഭൗതിക ശരീരമാണ് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയത്. തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന 54കാരിയുടെ ആഗ്രഹം ഭര്‍ത്താവ് പി മോഹന്‍ദാസും രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകൾ പി അലീനയും നിറഞ്ഞ മനസ്സോടെ സാക്ഷാത്കരിക്കുകയായിരുന്നു.
കാന്‍സര്‍ രോഗ ബാധിതയായിരുന്ന സരള ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 11ാം തീയതിയാണ് മരിച്ചത്. അടുത്ത ദിവസം തന്നെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. മകള്‍ അലീനയുടെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച രേഖകള്‍ കൈമാറി.
പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സരള. സിപിഎം കൊടക്കല്ല് പറമ്പ് നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു. രാമനാട്ടുകരയില്‍ വണ്‍മാന്‍ ഷോ ഡ്രസ്സസ് എന്ന ടൈലറിംഗ് സ്ഥാപനം നടത്തുന്ന മോഹന്‍ദാസും മരണാനന്തരം ശരീരം മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കൈമാറാനുള്ള രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam