കൊവിഡ് മൂന്നാം തരംഗം; എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

By Web TeamFirst Published Jun 14, 2021, 8:56 PM IST
Highlights

അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി നിലവിലുള്ള 22 ഐസിയു കിടക്കകള്‍ക്കുപുറമേ 50 പുതിയ ഐസിയു കിടക്കകള്‍ തയ്യാറാക്കാനുള്ള എസ്റ്റിമേറ്റും പ്ലാനും ആശുപത്രി അധികൃതര്‍ ജില്ലാകളക്ടര്‍ക്ക് കൈമാറി

തിരുവനന്തപുരം: കൊവിഡിന്‍റെ മൂന്നാംതരംഗം നേരിടുന്നതിന് എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡിന്‍റെ മൂന്നാം തരംഗം ഫലപ്രദമായി നേരിടുന്നതിന്‍റെ ഭാഗമായാണ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നത്. നിലവിലെ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി നിലവിലുള്ള 22 ഐസിയു കിടക്കകള്‍ക്കുപുറമേ 50 പുതിയ ഐസിയു കിടക്കകള്‍ തയ്യാറാക്കാനുള്ള എസ്റ്റിമേറ്റും പ്ലാനും ആശുപത്രി അധികൃതര്‍ ജില്ലാകളക്ടര്‍ക്ക് കൈമാറി.  ഒരു ജനറല്‍ വാര്‍ഡിനെക്കൂടി കോവിഡ് വാര്‍ഡാക്കി മാറ്റും. അമ്മമാര്‍ക്ക് ഇരുപതും കുട്ടികള്‍ക്ക് 60 ഐസിയു കിടക്കകളുമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഓക്സിജന്‍ നല്‍കുന്നതിന് ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്‍റിനുകൂടി പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. 

കൊവിഡ് ചികിത്സയ്ക്ക് 20 കിടക്കകളുള്ള ഒരു വാര്‍ഡും 50 മുറികള്‍ ഉള്‍പ്പെടുന്ന ഐസൊലേഷന്‍ റൂമുകള്‍ നിലവിലുണ്ട്. ഒരു മുറിയില്‍ രണ്ടുരോഗികളെ കിടത്താനാവും. രണ്ടുമാസത്തിനുള്ളില്‍ ആശുപത്രിയിലെ വിപുലപ്പെടുത്തിയ സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. കൊവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സയും എസ് എ ടിയില്‍ മുടക്കമില്ലാതെ നടന്നുവരുന്നു. 

എല്ലാ ചികിത്സാവിഭാഗങ്ങളിലുമെത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നു. അടിയന്തര സ്വഭാവമൊഴികെയുള്ള രോഗങ്ങള്‍ക്ക് ടെലിഫോണിക്ക് കൺസൾട്ടേഷൻ വഴി രോഗികള്‍ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ ഡോക്ടറെ നേരിട്ടുകാണേണ്ട രോഗികള്‍ക്ക് അത്യാഹിതവിഭാഗത്തിലും സ്പെഷ്യാലിറ്റി ഒപികളിലുമെല്ലാം ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ടിന്‍റെ ചുമതല വഹിക്കുന്ന ഡോ സൂസന്‍ ഉതുപ്പ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!