'സേവ് എ സൺഡേ സേവ് എ ബീച്ച്': തീരത്തടിഞ്ഞ അഞ്ഞൂറോളം ചാക്ക് മാലിന്യം നീക്കി

By Web TeamFirst Published Sep 8, 2019, 11:26 PM IST
Highlights

പ്രളയാനന്തരം തീരത്തടിഞ്ഞ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.

കോഴിക്കോട്: 'സേവ് എ സൺഡേ സേവ് എ ബീച്ച് ' പദ്ധതിയിൽ ഇന്ന് ബേപ്പൂർ പുലിമുട്ട് ബീച്ചിൽ നിന്ന് അഞ്ഞൂറോളം ചാക്ക് മാലിന്യം നീക്കി.  ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ വിവിധ വകുപ്പുകൾ, സംഘടനകൾ ക്ലബ്ബുകൾ, എൻ.എസ്.എസ്, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് ഞായറാഴ്ചകളിൽ ജില്ലയിലെ  തീരദേശങ്ങൾ ശുചീകരിക്കുക എന്നതാണ്  പദ്ധതിയുടെ ലക്ഷ്യം.

പ്രളയാനന്തരം തീരത്തടിഞ്ഞ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ജില്ലാ ഭരണകൂടത്തിനൊപ്പം കോർപ്പറേഷൻ, ഡിടിപിസി, പോർട്ട് ഓഫീസ്, കോസ്റ്റ് ഗാഡ്, തീരദേശ ജാഗ്രതാ സമിതി, സമീപത്തെ റെസിഡൻസ്, അസോസിയേഷൻ ,ബീച്ച് മേഖലയിലെ  സർക്കാർ സ്ഥാപനങ്ങൾ, ഇ.എം സി മൽസ്യ തൊഴിലാളികൾ, എൻ എസ് എസ് വളണ്ടിയർമാർ, രാഷ്ട്രീയ സാസ്കാരിക പ്രവർത്തകർ, മീഞ്ചന്ത ഹയർ സെക്കണ്ടറി സ്കൂൾ, എം. ഇ.എസ് കോളേജ്, പറയഞ്ചേരി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ എസ് .എസ് വളണ്ടിയർമാർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

ജില്ലാകളക്ടർ സാംബ ശിവറാവു നേതൃത്വത്തിൽ ശുചിത്വ സാക്ഷരത കോർഡിനേറ്റർ യു.പി ഏകനാഥൻ,  പരിസ്ഥിതി പ്രവർത്തകനായ പ്രമോദ് മണ്ണടത്ത് എന്നിവർ എകോപനം നടത്തി. ബീച്ച് പരിസരത്തെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ചാണ്  ശുചീകരണം നടത്തിയത്. കടലോര ജാഗ്രതാ സമിതി ഭാരവാഹികളായ കെ.പി ഹുസൈൻ , പ്രേമൻ  ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്,  എനർജി മാനേജ്മെന്റ് സെന്റർ കോർഡിനേറ്റർ സിജേഷ്, വിവിധ രാഷ്ട്രീയ സാംസ്കാരിക കക്ഷി നേതാക്കൾ എന്നിവർ ക്ലസ്റ്ററുകളുടെ ശുചീകരണത്തിന് നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജെ.സി.ബി, മറ്റ് യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് കാടുവെട്ടി ശുചീകരണം തുടരും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തീരദേശ മേഖലയിലുള്ള മുഴുവൻ ആളുകൾക്കും ശുചിത്വം, മാലിന്യ സംസ്കരണം, മാലിന്യം വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ സ്വീകരിക്കാവുന്ന നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തും.

click me!