വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ പട്ടയവും കൈവശരേഖയും കാലതാമസം കൂടാതെ നല്‍കണമെന്ന് എസ്.സി/എസ്.ടി കമ്മീഷന്‍

By Web TeamFirst Published Feb 24, 2021, 12:16 PM IST
Highlights

പാരമ്പര്യമായി ആദിവാസികള്‍ ഉപയോഗിച്ചു വരുന്ന ശ്മശാന ഭൂമിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഇടപ്പെടണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു...

കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങളുടെ ഭൂമിക്ക് പട്ടയവും, കൈവശരേഖകളും നല്‍കാന്‍ അനാവശ്യ കാലതാമസം ഉണ്ടാകുന്നതായി സംസ്ഥാന പട്ടിക ജാതി-പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍. ജില്ലയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടയവും കൈവശരേഖയും കാലതാമസം കൂടാതെ നല്‍കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

65 പരാതികള്‍ തീര്‍പ്പാക്കി. പാരമ്പര്യമായി ആദിവാസികള്‍ ഉപയോഗിച്ചു വരുന്ന ശ്മശാന ഭൂമിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഇടപ്പെടണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗ്രാമപഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണം. 

കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 74 പരാതികള്‍ പരിഗണിച്ചു. പുതിയതായി അഞ്ച് പരാതികള്‍ ലഭിച്ചു. ഈ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍, ജില്ല കലക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

click me!