പൊന്തൻപുഴ വനഭൂമിയല്ലെന്ന വിധിക്ക് സ്റ്റേ; വന സംരക്ഷണ സമര സമിതി ആശ്വാസത്തിൽ

By Web TeamFirst Published Jul 5, 2019, 7:13 PM IST
Highlights

ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് വന സംരക്ഷണ പട്ടയ സമരസമിതി സമരം ആരംഭിച്ചത്. കേസിൽ സർക്കാർ തോറ്റുകൊടുക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം ജില്ലകളിൽ  ഉൾപ്പെടുന്ന പൊന്തൻപുഴ വനഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്‍റെ ആശ്വാസത്തിലാണ് വനസംരക്ഷണ പട്ടയ സമരസമിതി. 7000 ഏക്കർ വരുന്ന വനത്തിന്‍റെ ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്ക്  നൽകിയ ഹൈക്കോടതി വിധിക്ക് സ്റ്റേ വന്നത് സർക്കാരിനും താത്കാലിക ആശ്വാസമായി .

വനംവകുപ്പിന്‍റെ പ്രത്യേകാനുമതി ഹർജി പരിഗണിച്ചാണ് പൊന്തൻപുഴ വലിയകാവ് വനഭൂമി സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ  ചെയ്തത്. 7000 ഏക്കർ വരുന്ന ഭൂമിയുടെ ഉടമസ്ഥത 283 സ്വകാര്യ വ്യക്തികൾക്ക് നൽകി 2018 ജനുവരിയിലായിരുന്നു ഹൈക്കോടതി ഉത്തരവ് വന്നത്.  

എഴുമറ്റൂർ കോവിലകത്തിന് തിരുവിതാംകൂർ രാജാവിൽ നിന്ന് നീട്ടായി കിട്ടിയ ഭൂമിയാണെന്ന് അവകാശപ്പെട്ടായിരുന്നു സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയെ സമീപിച്ചത്. നൂറ് വർഷം മുമ്പുള്ള കൈവശാവകാശ രേഖയായിരുന്നു ഇവർ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് സർക്കാർ നിലപാടെടുത്തു.

ഹൈക്കോടതി സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി വിധി പറഞ്ഞതിന് പിന്നാലെയാണ് പെരുമ്പട്ടി കേന്ദ്രീകരിച്ച് വന സംരക്ഷണ പട്ടയ സമരസമിതി സമരം ആരംഭിച്ചത്. കേസിൽ സർക്കാർ തോറ്റുകൊടുക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. 

തുടർന്നാണ് വനം വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്. വിധിയുടെ പാശ്ചാത്തലത്തിൽ വനഭൂമിയിൽ അവകാശ വാദം ഉന്നയിച്ച് എത്തിയ വ്യക്തികളെ കുറിച്ച് അന്വേഷണം വേണമെന്ന് വനസംരക്ഷണ പട്ടയ സമര സമിതി ആവശ്യമുയർത്തുന്നു.

click me!