'ഞങ്ങളുണ്ട് കൂടെ'; നാലുവയസ്സുകാരന്റെ ചികിത്സാചെലവിനായി ബിരിയാണി ചലഞ്ചിനൊരുങ്ങി സ്കൂൾ വിദ്യാർത്ഥികൾ

By Web TeamFirst Published Jan 26, 2023, 3:36 PM IST
Highlights

ചെന്നൈയിലെ ചികിത്സയ്ക്കും മറ്റ് ചിലവുകൾക്കും പണം കണ്ടെത്താൻ കഴിയാതെ കുട്ടിയുടെ പിതാവ് വിഷമിച്ചതോടെയാണ് തങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ഒരുക്കാം എന്ന് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തീരുമാനിക്കുന്നത്. 

തിരുവനന്തപുരം: നാടിന് മാതൃകയായി വർക്കല വെട്ടൂർ എച്ച്.എസ്.എസ്  വിദ്യാർത്ഥികൾ. സ്കൂൾ ജീവനക്കാരൻ്റെ നാല് വയസ്സുകാരൻ മകൻ്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്താൻ ഒരുങ്ങുകയാണ് സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ തന്നെ ഓഫീസ് ജീവനക്കാരൻ്റെ നാല് വയസുള്ള മകൻ കണ്ണിൽ ക്യാൻസർ പിടിപെട്ട് ചികിത്സയിലാണ്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് കീമോ സാധിക്കുന്നില്ല. അതിനു പകരം ഇഞ്ചക്ഷനാണ് നൽകുന്നത്. ഒരു ഇഞ്ചക്ഷന് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവ് വരും. 

ഇതിനോടകം ഇത്തരത്തിൽ രണ്ട് ഇഞ്ചക്ഷൻ കുട്ടിക്ക് എടുത്ത് കഴിഞ്ഞു. കടം വാങ്ങിയും വായ്പ എടുത്തുമൊക്കെയാണ് കുട്ടിയുടെ ചികിത്സ പിതാവ് മുന്നോട്ട് കൊണ്ട് പോകുന്നത്. ക്യാൻസർ ബാധിച്ചതോടെ കുട്ടിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപെട്ട അവസ്ഥയാണ്. അടുത്ത കണ്ണിലേക്കും ഇത് വ്യാപിക്കുന്നതായാണ് ഡോക്ടർമാർ പറയുന്നത്. ചെന്നൈയിലെ ചികിത്സയ്ക്കും മറ്റ് ചിലവുകൾക്കും പണം കണ്ടെത്താൻ കഴിയാതെ കുട്ടിയുടെ പിതാവ് വിഷമിച്ചതോടെയാണ് തങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ഒരുക്കാം എന്ന് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തീരുമാനിക്കുന്നത്. 

അങ്ങനെയാണ് ബിരിയാണി ചലഞ്ച് നടത്താം എന്ന ആശയം ഉയരുന്നത്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 1000 പേർക്ക് വേണ്ടിയുള്ള ബിരിയാണിയാണ് നിലവിൽ തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യക്കാർ കൂടുകയാണെങ്കിൽ ഇനിയും എണ്ണം കൂടും. ഇൻ്റർവെൽ സമയങ്ങളിലും വൈകിട്ട് സ്കൂൾ വിട്ട സമയങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിനു സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടമായി എത്തി കാര്യങ്ങൾ വിവരിക്കുകയും ബിരിയാണി ആവശ്യമുള്ളവരുടെ പട്ടിക ശേഖരിക്കുകയും ചെയ്യുന്നു. 

ജനുവരി 30 തിങ്കളാഴ്ചയാണ് സ്കൂളിൽ ബിരിയാണി ചലഞ്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 100 രൂപയാണ് ഒരു പൊതി ബിരിയാണിക്ക് ഇവർ വില ഇട്ടിരിക്കുന്നത്. അധ്യാപകരുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത് ഉൾപ്പടെ വിദ്യാർത്ഥികൾ തന്നെ ആണ് നിർവഹിക്കുന്നത്. പരമാവധി തുക കുട്ടിക്ക് നൽകുവാൻ ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി ബിരിയാണി പാചകത്തിനും ബിരിയാണിക്ക് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്നതിനും സ്പോൺസർമാരെ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് അധ്യാപകർ. കുട്ടികളുടെ ഈ ബിരിയാണി ചലഞ്ചിന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. 

ഇനി മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര എളുപ്പം; കൊച്ചി നഗരപരിധിയിൽ ഫീഡർ സർവ്വീസുമായി കെഎസ്ആർടിസി
 

click me!