കടൽക്ഷോഭം രൂക്ഷം; പുത്തൻകടപ്പുറത്ത് കടൽഭിത്തി പൂർണമായും തകർന്നു

By Web TeamFirst Published Jul 20, 2020, 9:17 PM IST
Highlights

തകർന്ന ഭിത്തി സമയബന്ധിതമായി നന്നാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ജനം.

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടി തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നു. കെട്ടുങ്ങൽ, സദ്ദാംബീച്ച്, പുത്തൻകടപ്പുറം, ഒട്ടുമ്മൽ, ചാപ്പപ്പടി, അങ്ങാടി, ആലുങ്ങൽബീച്ച്  എന്നീ ഭാഗങ്ങളിൽ  കടലാക്രമണം വലിയ നാശം വിതച്ചു. പുത്തൻകടപ്പുറത്ത് കടൽഭിത്തി കടലാക്രമണത്തില്‍ പൂർണമായും തകർന്നു. 

ഇതോടെ തീരമാലകൾ സമീപത്തെ പറമ്പിലേക്ക് ആഞ്ഞടിക്കുകയാണ്. 45 വർഷം മുമ്പ് നിർമ്മിച്ച കടൽഭിത്തി കഴിഞ്ഞ ആറ്  വർഷമായി കടലാക്രമണത്തിൽ മണ്ണൊലിച്ചു പോയതിനെ തുടർന്നും മറ്റും തകർന്നിട്ടുണ്ട്. ഇവിടെയും മറ്റു ഭാഗങ്ങളിലും കടൽഭിത്തി പുനർ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ദുർബലമായ ഭാഗത്തൊന്നും ഇതുവരെ കല്ലിടാൻ അധികൃതർക്കായിട്ടില്ല. 

തകർന്ന ഭിത്തി സമയബന്ധിതമായി നന്നാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ജനം. തകർന്ന ഭാഗം  അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.

click me!