കോട്ടയം ജില്ലാ പഞ്ചായത്ത്; തര്‍ക്കങ്ങള്‍ അവസാനിച്ചു, പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസിന് തന്നെ

By Web TeamFirst Published Jul 4, 2019, 4:03 PM IST
Highlights

കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റ്.
 

കോട്ടയം: തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. ഇതനുസരിച്ച് നിലവിലെ പ്രസിഡന്‍റ്  സണ്ണി പാമ്പാടി രാജി വച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റ്.

കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തെച്ചൊല്ലി യുഡിഎഫില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.  ജില്ലാ പഞ്ചായത്ത്  പ്രസിഡന്‍റ് സ്ഥാനം ജൂലൈ ഒന്ന് മുതല്‍ കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു മുന്നണിയിലെ മുന്‍ ധാരണ. എന്നാല്‍,  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ സ്ഥാനം വിട്ടുകൊടുക്കേണ്ടെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നിലപാടെടുത്തു. പിളര്‍ന്ന് നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം കൈമാറിയാല്‍ നിയമപ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു ഇവരുടെ വാദം.

 22 പ്രതിനിധികളുള്ള ജില്ലാ പ‍ഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ഇവര്‍ ആറ് പേരും ജോസ് കെ മാണി പക്ഷത്തായതിനാല്‍ നിയമപ്രശ്നങ്ങളുണ്ടാവില്ലെന്ന് കേരള കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവര്‍ വാദിച്ചു. തുടര്‍ന്നാണ് കാര്യങ്ങള്‍ സമവായത്തിലെത്തിയതും കേരള കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം കൈമാറാന്‍ ധാരണയായതും. 

click me!