
കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് കൗതുക വസ്തുക്കള്‍ നിര്‍മ്മിച്ച് വാര്‍ത്തകളിൽ ഇടം നേടിയ മെഹക് എന്ന രണ്ടാം ക്ലാസുകാരി മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കളക്ടര്‍ സാംബശിവറാവുവിന്റെ സാന്നിധ്യത്തില്‍ മന്ത്രി ടി പി രാമകൃഷ്ണനാണ് മെഹക് തുക കൈമാറിയത്.
മെഹക്കിന്റെ ലോക്ക്ഡൗണ്‍ കാലം പാഴ്‌വസ്തുക്കളുടെ പുനഃരുപയോഗ കാലമായിരുന്നു. മണ്ണില്‍ അലിഞ്ഞു ചേരാത്തതും, മുക്കിലും മൂലയിലും കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിയിലുമായിരുന്നു മെഹക് കണ്ണുവെച്ചത്. പ്ലാസ്റ്റിക് കുപ്പികളെ കൗതുകവസ്തുക്കളും അലങ്കാര വസ്തുക്കളുമാക്കി മാറ്റി ആയിരുന്നു തുടക്കം. ഉണ്ടാക്കിയ വസ്തുക്കള്‍ സുന്ദരവും ആകര്‍ഷണവുമാണെന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളാണ് ഈ കൊച്ചു മിടുക്കിക്ക് പ്രചോദനമായത്.
പിന്നാലെ ചേച്ചി സോനം മുനീര്‍ മെഹക്കിന് ഒരു യൂടൂബ് ചാനല്‍ തുടങ്ങിക്കൊടുത്തു. അവള്‍ യൂടൂബ് ചാനലിലൂടെ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രീതിയും പരിചയപ്പെടുത്തി. ഇതിനെ എംഇഎസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രമേശ് കുമാര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും മറ്റ് സന്നദ്ധ പ്രവർത്തകരും പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ പ്രളയകാലത്ത് തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഹക് സംഭാവന നല്‍കിയിരുന്നു.
തന്റെ കൗതുക വസ്തുക്കൾ യൂടൂബിലും സാമൂഹമാധ്യമങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനായി മെഹക് വില്‍പനയ്ക്ക് വെച്ചു. ധാരാളം പേര്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധരായി. ഇവ വിറ്റുകിട്ടിയ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഉമ്മ സോഫിയ ടീച്ചറും അധ്യാപിക ബിന്ദു കുര്യനും ചേച്ചിയും തുക കൈമാറാന്‍ മെഹക്കിനൊപ്പം കളക്ട്രേറ്റ് ചേമ്പറില്‍ എത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam