
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വൻ ലഹരിമരുന്ന് വേട്ട. കായികതാരങ്ങൾ അടക്കം ഉത്തേജനത്തിനായി ഉപയോഗിക്കുന്ന 250 കുപ്പി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. മരുന്ന് വിൽപ്പനക്കെത്തിച്ച ആലപ്പുഴ രാമങ്കരി സ്വദേശി സന്തോഷ് മോഹനനെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിൽ ആദ്യമായാണ് പൊലീസ് ഇത്രയധികം ഉത്തേജക മരുന്ന് ഒന്നിച്ച് പിടികൂടുന്നത്. കേസിലെ പ്രതിയായ സന്തോഷ് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഉത്തേജക മരുന്ന് കണ്ടെത്തിയത്.
10 മില്ലി വീതമുള്ള കുപ്പികൾ കാറിന്‍റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇത് ശസ്ത്രക്രിയ സമയത്ത് രോഗികൾക്ക് അമിത രക്തസമ്മർദ്ദം കുറഞ്ഞാൽ നിയന്ത്രിക്കുന്നതിന് വേണ്ടി നൽകുന്ന മരുന്നാണെന്ന് സ്ഥിരീകരിച്ചത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാനോ ഉപയോഗിക്കാനോ കഴിയാത്ത മരുന്നാണിത്. മാത്രമല്ല ഇത്രയധികം അളവിൽ കൊണ്ടുനടക്കാനും പാടില്ലാത്തതാണ്.
പ്രതിയായ സന്തോഷ് മോഹനൻ ജില്ലയിലെ വിവിധ ഇടങ്ങളിലെത്ത് വിൽപ്പന നടത്താനാണ് മരുന്ന് എത്തിച്ചതെന്നാണ് പൊലീസിന് നൽകിയ മൊഴി. ചില ജിമ്മുകൾക്കും വടംവലി സംഘങ്ങൾക്കുമാണ് ഇയാൾ മരുന്നെത്തിച്ചു നൽകിയിരുന്നത്. സന്തോഷിന്റെ മൊഴി പ്രകാരമുള്ള ജിമ്മുകളേയും വടംവലി സംഘങ്ങളേയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മരുന്നിന്റെ വിതരണക്കാരെ കേന്ദ്രീകരിച്ചും വിവരങ്ങൾ തേടുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam