
തിരുവനന്തപുരം: പി ഡബ്യു ഡി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പര്‍ച്ചവ്യാധി ഭീഷണിയില്‍ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സെപ്ടിക്ക് ടാങ്ക് ഒരുമാസമായി പൊട്ടി ഒഴുകുന്നത് വലിയ ആരോഗ്യഭീഷണിയാണ് ഉയര്‍ത്തുന്നത്.
ആശുപത്രി കോമ്പൗണ്ടിലെ പാർക്കിംഗ് ഏരിയയിലെ എ.സി.ആർ ലാബിന് സമീപമുള്ള സെപ്ടിക്ക് ടാങ്ക് ആണ് ഒരു മാസത്തിലേറെയായി പൊട്ടി ഒലിക്കുന്നത്. മഴക്കാലം കൂടി ആയതോടെ കക്കൂസ് മാലിന്യം പ്രദേശമാകെ പടർന്ന് ദുർഗന്ധം വമിക്കുകയാണ്. പാർക്കിംഗ് ഏരിയക്ക് സമീപമുള്ള സൊസൈറ്റി പേ വാർഡിൽ അമ്മമാരും നവജാത ശിശുകളും ഈ ദുർഗന്ധം സഹിച്ചു കഴിയേണ്ട അവസ്ഥയാണ്.
ഈ മാലിന്യം ചവിട്ടി വേണം നവജാത ശിശുകളെയും കൊണ്ട് എക്സ്റേ എടുക്കാൻ പോകാൻ. ആശുപത്രിയിൽ കിടക്കുന്ന അമ്മമാരെയും നവജാത ശിശുകളെയും കാണാൻ എത്തുന്ന സന്ദർശകർ ഈ മാലിന്യങ്ങൾ ചവിട്ടി വേണം ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കേണ്ടത്. അടിക്കടി സെപ്ടിക്ക് ടാങ്ക് നിറഞ്ഞു കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകാറുള്ളതായും പറയുന്നു.
പാർക്കിംഗ് ഏരിയയിലെ ഓടകൾ ചളിയും മാലിന്യവും കൊണ്ട് അടഞ്ഞ അവസ്‌ഥയാണ്. സന്ധ്യ ആയാൽ കൊതുകുകളെക്കൊണ്ട് കിടന്നുറങ്ങാനാകില്ല. ഇതിനും പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ഇതുവരെയും തയ്യാറായിട്ടില്ല. പിഡബ്യുഡിക്കാണ് ആശുപത്രിയിലെ ഡ്രൈനേജ് സംവിധാനത്തിന്‍റെ അറ്റകുറ്റപണികളുടെ ചുമതല. സെപ്ടിക്ക് ടാങ്കിന് ചോർച്ച ഉണ്ടാകുമ്പോൾ താത്കാലികമായി പരിഹാരമുണ്ടാക്കുകയല്ലാതെ ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
സെപ്ടിക്ക് ടാങ്കിലേക്ക് പോകുന്ന പൈപ്പ് പൊട്ടിയാണ് നിലവിൽ മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. ഇവ മാറ്റിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഒരു മാസത്തിലേറെയായി നിലവിലെ അവസ്ഥ ആശുപത്രി അധികൃതർ പിഡബ്യുഡി അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ഇടപെട്ടു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam