ഹോംസ്റ്റേ വരാന്തയിലിരുന്ന് പണം വെച്ച് ചൂതാട്ടം; സ്ത്രീകളുള്‍പ്പടെ ഏഴ് പേര്‍ പിടിയില്‍

By Web TeamFirst Published Apr 15, 2020, 5:31 PM IST
Highlights
 അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനും പണം വെച്ച് ചൂതാടിയതിനുമാണ് കേസ്.
മൂന്നാര്‍: അടിമാലി അമ്പഴച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയുടെ വരാന്തയില്‍ നിയമവിരുദ്ധമായി ചൂതാട്ടം നടത്തിയിരുന്ന സംഘത്തെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെയായിരുന്നു വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദേവികുളം സബ്കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. പിടിയിലായ സംഘാംഗങ്ങളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പഴച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയില്‍ പരിശോധന നടത്തുകയും ചൂതാട്ടം നടക്കുന്നതായി ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ് കളക്ടര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. സംഘത്തിന് പെണ്‍വാണിഭവുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേവികുളം സബ് കളകടര്‍ പറഞ്ഞു. 

ഹോംസ്റ്റേയുടെ വരാന്തയില്‍ പണം വച്ചായിരുന്നു ചൂതാട്ടം നടന്നിരുന്നത്. ഇവരുടെ പക്കല്‍ നിന്നും ഒരു ജീപ്പും ബൈക്കും 2000ത്തിനടുത്ത് രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരുടെ മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലാണ്. പണം വച്ച ചൂതാട്ടം നടത്തിയതിനും പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനുമാണ് പിടിയിലായവര്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തിട്ടുള്ളതെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.
click me!