
തൃശൂര്‍: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടീസില്‍ കടുത്ത അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മനസ്സില്‍ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ല. അതിങ്ങനെ തികട്ടി വരും. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജാതിക്കെതിരായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. എന്നിട്ടും ചിലതൊക്കെ അവശേഷിക്കുന്നു. വലിയ പോരാട്ടത്തിലൂടെ മാത്രമേ അത് മാറ്റാനാകൂവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനെ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികപരിപാടിയുടെ നോട്ടീസിനെ ചൊല്ലിയാണ് വിവാദമുയര്‍ന്നത്.
അടിമുടി രാജഭക്തി വെളിവാക്കുന്ന ബോര്‍ഡിന്റെ നോട്ടീസില്‍ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്നും വരെ തോന്നിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. ഇടത് സര്‍ക്കാറിന്റെ കീഴിലെ ഇടത് നേതാവുകൂടി പ്രസിഡന്റായ ബോര്‍ഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നു. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.
Read more: വിമർശനം, വിവാദം: ക്ഷേത്ര പ്രവേശന വിളംബര വാർഷിക പരിപാടിയുടെ നോട്ടീസ് പിൻവലിച്ചു
സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവിലും രംഗത്തെത്തി. രണ്ട് അഭിനവ 'തമ്പുരാട്ടി'മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam