കോളജില്‍ നിന്നും പുറത്താക്കിയതിന് എസ്എഫ്ഐ പ്രവര്‍ത്തകന്‍ പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്തു

By Web TeamFirst Published Mar 7, 2019, 5:01 PM IST
Highlights

ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ നവംബര്‍ മാസം കോളജ് യൂണിയന്‍ പരിപാടിക്കിടെയാണ് കോളജിലെ ലാബ് അസിസ്റ്റന്റിനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. എന്നാല്‍ മിക്ക ദിവസങ്ങളിലും കോളജിലെത്തി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു

ആലപ്പുഴ: ലാബ് അസിസ്റ്റന്റിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കോളജില്‍ നിന്നും പുറത്താക്കിയ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഓഫീസില്‍ കയറി പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്തു. ആലപ്പുഴ എസ് ഡി കോളജ് പ്രിന്‍സിപ്പല്‍ പി ആര്‍ ഉണ്ണിക്കൃഷ്ണനെയാണ് ബി എ ഇക്കണോമിക്‌സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആര്‍ മുഹമ്മദ് റാഫി ഓഫീസില്‍ കയറി കയ്യേറ്റം ചെയ്തത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ നവംബര്‍ മാസം കോളജ് യൂണിയന്‍ പരിപാടിക്കിടെയാണ് കോളജിലെ ലാബ് അസിസ്റ്റന്റിനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. എന്നാല്‍ മിക്ക ദിവസങ്ങളിലും കോളജിലെത്തി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്ന് കോളജിലെ എസ് എഫ് ഐ യൂണിയന്‍ പ്രവര്‍ത്തകരുമായി വന്നെങ്കിലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന കാര്യം പ്രിന്‍സിപ്പല്‍ അറിയിച്ചു. 

പിന്നീട് എസ് എഫ് ഐ ജില്ലാ സെക്രട്ടറി നേരിട്ട് പ്രിന്‍സിപ്പളെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതിന് പിന്നാലെ മുഹമ്മദ് റാഫി ഓഫീസിലേയ്ക്ക് പാഞ്ഞുകയറി പ്രിന്‍സിപ്പളിന്റെ കയ്യില്‍ കയറി പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പൊലീസിനെ വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ തട്ടി താഴെയിടുകയും ചെയ്തു. പിന്നീട് കോളജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ ഇയാളെ പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വിദ്യാര്‍ത്ഥി രക്ഷപെട്ടിരുന്നു. 

click me!