
തിരുവനന്തപുരം: പാതിരാത്രിയിൽ ബൈക്കിലെത്തിയ സംഘം എസ് എഫ് ഐ നേതാക്കളുടെ വീടിന് നേരെ ആക്രമണം നടത്തി. ധനുവച്ചപുരം വിറ്റി എം എൻ എസ് എസ് കോളേജിലെ എസ് എഫ് ഐ നേതാക്കളായ കല്ലിയൂർ ആർ സി ചർച്ചിന് സമീപം സച്ചിൻ, വിഴിഞ്ഞം ചൊവ്വര അരുൺ ഭവനിൽ ആര്യ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആര്യയുടെ വീട്ടിന്‍റെ ജനാലകളുടെ പാളികളും മുൻവശത്തെയും പിൻവശത്തെയും വാതിലുകളും അടിച്ചു തകർത്ത അക്രമികൾ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന രണ്ടു ബൈക്കുകളും അടിച്ചു തകർത്തു.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നതിനാൽ സംഭവ സമയം ആര്യ വീട്ടിലുണ്ടായിരുന്നില്ല. ആര്യയുടെ മാതാപിതാക്കളും ഭർത്താവും സഹോദരനും വീട്ടിലുണ്ടായിരുന്നെങ്കിലും വധഭീഷണി മുഴക്കിയ ശേഷം അക്രമികൾ മടങ്ങുകയായിരുന്നുവത്രെ. കല്ലിയൂരിൽ സച്ചിന്‍റെ വീടിന്‍റെ ജനാല ഗ്ലാസ്സുകൾ പൂർണ്ണമായും അടിച്ചു തകർത്ത അക്രമി സംഘം മുൻവാതിലിന്‍റെ പൂട്ട് അടിച്ചു തകർക്കാൻ കഴിയാതെ വന്നപ്പോൾ വാതിൽ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിക്കുകയായിരുന്നു. എന്നിട്ടും അക്രമികൾക്ക് വാതിൽ തുറക്കാൻ കഴിയാത്തതിനാലാണ് സംഭവ സമയം വീടിനകത്തുണ്ടായിരുന്ന മാതാവും അനുജനും താനും രക്ഷപ്പെട്ടതെന്ന് സച്ചിൻ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 1.15 നാണ് സച്ചിന്‍റെ വീട്ടിൽ ആക്രമണമുണ്ടായത്. ഇവിടെ നിന്നും 12 കിലോമീറ്റർ അകലെ താമസിക്കുന്ന ആര്യയുടെ വീട്ടിൽ 1.45 നാണ് ആക്രമണമുണ്ടായത്. ഇതിൽ നിന്നും രണ്ട്സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നു. സച്ചിൻറെ വീടിന് നേരെ നടന്ന ആക്രമണത്തിൽ നേമം പൊലീസ് കേസെടുത്തു. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആര്യയുടെ വീട്ടിൽ ആക്രമണം നടത്തിയതെന്ന് സി സി ടി വി പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായും കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറെക്കാലമായി ധനുവച്ചപുരം കോളേജിൽ എസ് എഫ് ഐ - എ ബി വി പി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്‍റെ തുടർച്ചയാകാം ഇന്നലെ നടന്ന അക്രമമെന്നും പൊലീസ് കരുതുന്നു. വിഴിഞ്ഞം സിഐ ജിജു, എസ്ഐ ത്രിദീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സംഭവം അറിഞ്ഞ് കോവളം എംഎൽഎ അഡ്വ. എം വിൻസെന്‍റ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോവളം
ഏര്യ സെക്രട്ടറി ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam