
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി ഗണേഷ് കുമാറിനെ വെല്ലുവിളിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സോളാർ കേസിൽ ചാണ്ടി ഉമ്മൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു. സംഭവിച്ചതെല്ലാം മലയാളിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന് ഗണേഷ് കുമാർ പറയുന്നു. നമ്മളെല്ലാം മനുഷ്യരാണെന്ന കാര്യം ഗണേഷ് ഓർക്കണമായിരുന്നു. എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടത്. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ട്. മരണപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരം. ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ അതിനുള്ള ആർജവം ഗണേഷ് കുമാർ കാണിക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺഗ്രസും തീരുമാനിച്ചു. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശനമുന്നയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam