
ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ അബോധാവസ്ഥയിലായ ഡോക്ടറിനെ കൊവിഡ് ഭീതി മൂലം ആരും സഹായിച്ചില്ലെന്ന സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ആലപ്പുഴ ചെറിയനാട് പിഎച്ച്എസിയിലെ മെഡിക്കൽ ഓഫീസർ വി.ഐ. ഫൈസൽ തിങ്കളാഴ്ചയാണ് മരിച്ചത്. സഹോദരിയും ഡോക്ടറുമായ അസീനയാണ് ആരോഗ്യപ്രവർത്തന് നേരിടേണ്ടിവന്ന ദുരവസ്ഥ ഫേസ്ബുക്കിൽ കുറിച്ചത്.
'പൊതുജനത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് നമ്മൾ, കുടുംബവും ആരോഗ്യവും മറന്ന് കൊവിഡ് കാലത്ത് ജോലി ചെയ്യുന്നു. എന്നാൽ നിന്‍റെ അന്ത്യനിമിഷങ്ങളിൽ ചുറ്റമുള്ള ആരും സഹായത്തിനെത്തിയില്ല'. ഡോക്ടർ ഫൈസലിന്‍റെ മരണത്തിൽ സഹോദരിയുടെ കുറിപ്പാണിത്. തൃശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് അസീന. തിങ്കളാഴ്ച വൈകീട്ടാണ് ഡോ. ഫൈസൽ മരിച്ചത്. ഹരിപ്പാടുള്ള വീട്ടിൽ മകനും ഭാര്യാമാതാവിനും ഒപ്പമായിരുന്നു താമസം.
ഉച്ചയൂണിന് ശേഷം ഡോ.ഫൈസൽ കിടന്നുറങ്ങാൻ പോയി. വൈകുന്നേരം, വീടിന്‍റെ മുകൾ നിലയിലെ മുറിയിൽ എത്തി ഭാര്യാമാതാവ് നോക്കുമ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ചുറ്റുമുള്ള ആരും സഹായത്തിന് എത്തിയില്ലെന്നാണ് പരാതി. എന്നാൽ വിവരം അറിഞ്ഞ് ഓടിയെത്തിയെന്ന് അൽവാസികൾ പറയുന്നു. അതേസമയം, വീട്ടുകാർ കാണുമ്പോൾ മരണം സംഭവിച്ചിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർമാർ പറയുന്നു. ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തൃശൂർ കൊടുങ്ങല്ലൂരിലെ വീട്ടിൽ സംസ്കാരം നടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam