
മലപ്പുറം: അരീക്കോട് ജിഎം എല്‍പി സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നവകേരള സദസിലെത്തിയ വിദ്യാര്‍ഥികളുടെ നിവേദനം പരിഗണിച്ചാണ് തീരുമാനം.
ഏറനാട് നിയോജക മണ്ഡലം നവകേരള സദസില്‍ പങ്കെടുക്കുമ്പോഴാണ് അരീക്കോട് ജിഎം എല്‍പി സ്‌കൂളിലെ കുട്ടികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. കുട്ടികള്‍ കൊണ്ടുവന്ന നിവേദനം സ്വീകരിച്ച മന്ത്രി അവരില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 1931 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ് അരീക്കോട് ജിഎം എല്‍പി സ്‌കൂള്‍. അന്ന് മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയാണ് സ്‌കൂളെന്ന് വിദ്യാര്‍ഥികളെ മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്. 'എന്നാല്‍ കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം. അരീക്കോട് ഉള്‍കൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം.' ഭൂമി ലഭിക്കുന്ന മുറയ്ക്ക് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാല്‍ താമസം ഉണ്ടാകാതെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും അറിയിക്കുകയായിരുന്നു.
അതേസമയം, നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയായി. പൊന്നാനിയില്‍ തുടങ്ങി പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണെന്ന് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ഒരു ജനത ഒന്നാകെ നല്‍കിയ ഊഷ്മളമായ സ്വീകരണം ആയിരുന്നു നവകേരള സദസിന് മലപ്പുറം ജില്ലയില്‍ ലഭിച്ചത്. വെള്ളിയാഴ്ച നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. എന്താണോ ലക്ഷ്യമിട്ടിരുന്നത്, അത് ഉദ്ദേശിച്ചതിനേക്കാള്‍ ഫലപ്രദമായി നടപ്പാക്കാനാവുന്നു എന്നതാണ് ഓരോ ദിവസം പിന്നീടുമ്പോഴും തെളിഞ്ഞുവരുന്ന അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'പറവകളുടെ ലഹരി വിൽപ്പന നിശാന്തതയുടെ കാവൽക്കാരിലൂടെ'; ട്രാൻസ്ജെൻഡറും സുഹൃത്തും പിടിയിൽ