'14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയതാ, ടിവി കണ്ടോണ്ടിരുന്ന കൊച്ചിനെയാ അവൻ..'

Published : Dec 14, 2023, 01:14 PM ISTUpdated : Dec 14, 2023, 01:18 PM IST
'14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയതാ, ടിവി കണ്ടോണ്ടിരുന്ന കൊച്ചിനെയാ അവൻ..'

Synopsis

നിലത്ത് കിടന്നുരുണ്ടും അലറി നിലവിളിച്ചുമായിരുന്നു കുടുംബാം​ഗങ്ങളുടെ നെഞ്ചുപൊട്ടിയുള്ള പ്രതികരണം. 

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വണ്ടിപ്പെരിയാര്‍ അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരെ പൊട്ടിക്കരഞ്ഞ് പ്രതികരിച്ച് കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും. 14 വർഷം കു‍ഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയ കുഞ്ഞാണെന്ന് പറഞ്ഞാണ് മുത്തശ്ശി അലറിക്കരഞ്ഞത്. പ്രതി അർജുനെ വെറുതെ വിട്ട സംഭവത്തിൽ നാടകീയ സംഭവങ്ങളാണ് കോടതി മുറ്റത്ത് നടന്നത്. നിലത്ത് കിടന്നുരുണ്ടും അലറി നിലവിളിച്ചുമായിരുന്നു കുടുംബാം​ഗങ്ങളുടെ നെഞ്ചുപൊട്ടിയുള്ള പ്രതികരണം. 

''ഞാൻ ചോറ് കൊടുത്തിട്ട് പോയ കുഞ്ഞാ, ടിവി കണ്ടോണ്ടിരുന്ന കുഞ്ഞിനെയാ അവൻ കൊന്നത്. 14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയ കുഞ്ഞാ. നിങ്ങൾക്കും കുഞ്ഞുങ്ങളില്ലേ? എന്റെ കുഞ്ഞിനെ കൊന്നത് സത്യവാ. പൂജാമുറിയിലിട്ടാ എന്‍റെ കുഞ്ഞിനെ അവന്‍.. എന്നിട്ട് അവനെ വെറുതെ വിട്ടു.  അവനെ ഞങ്ങള് വെറുതെ വിടത്തില്ല. എന്റെ ഭർത്താവ് അവനെ കൊന്നിട്ട് ജയിലില് പോകും. എന്ത് നീതിയാ ഞങ്ങൾക്ക് കിട്ടിയത്? അവൻ സന്തോഷമായിട്ട് ജീവിക്കാൻ പോകുവാ, കാശ് വാങ്ങിയിട്ട് അവനെ വെറുതെ വിട്ടിരിക്കുവാ..'' കണ്ട് നിന്നവരുടെയും നെഞ്ച് പൊള്ളിക്കുന്ന രീതിയിലായിരുന്നു അമ്മയുടെയും മുത്തശ്ശിയുടെയും നിലവിളി. 

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിലാണ് ഇന്ന്  പ്രതിയെ വെറുചെ വിട്ടുകൊണ്ടുളള വിധി വന്നത്.  കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി പറഞ്ഞത്

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നും മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.  വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.  2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ  വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരുന്നത്. 

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങിയിരുന്നു. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സിവിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചിരുന്നു. 69 ലധികം രേഖകളും 16 വസ്തുക്കളും  തെളിവായി കോടതിയിൽ സമർപ്പിച്ചു. 

'ജഡ്ജിയും സ്ത്രീയല്ലേ? അവനെ ഞങ്ങൾ വെറുതെ വിടില്ല', അലറിക്കരഞ്ഞ് പെൺകുട്ടിയുടെ അമ്മ, കോടതിയിൽ നാടകീയ രംഗങ്ങൾ

നെഞ്ചുപൊട്ടി നിലവിളിച്ച് അവർ

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്