'ശബരിമലയിൽ ക്യൂവൊന്നും നിൽക്കാതെ ദർശനം തരമാക്കാം', കാസര്‍കോട് നിന്നെത്തിയ ഭക്തര്‍ വാവര് നടവരെ ആളെ കണ്ടു, പണം തട്ടിയ വര്‍ അറസ്റ്റിൽ

Published : Oct 29, 2025, 10:35 PM IST
Ayyappa devotees

Synopsis

ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂ നിൽക്കാതെ ദർശനം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് 10,000 രൂപ തട്ടിയെടുത്ത പ്രതികൾക്കെതിരെ പോലീസ് ശക്തമായ നടപടി   

പമ്പ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് റാണിക്കോവിൽ എസ്റ്റേറ്റ് സ്വദേശികളായ കണ്ണൻ (31), രഘു. ആർ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ ദർശനത്തിനെത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയത്. ഒക്ടോബർ 18-ന് ഉച്ചയ്ക്ക് 12 മണിയോടെ, തിരക്ക് കാരണം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് മരക്കൂട്ടത്തു നിന്ന് നടന്നു വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികൾ സമീപിച്ചു.

കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് 10,000 രൂപ പ്രതികൾ കൈപ്പറ്റി. ശേഷം തീർത്ഥാടകരെ വാവര് നടയ്ക്ക് സമീപം എത്തിച്ചശേഷം പണവുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ പെർമിറ്റ് റദ്ദാക്കാൻ ദേവസ്വം ബോർഡിന് പോലീസ് കത്ത് നൽകും. അമിത തിരക്കുള്ള സമയങ്ങളിൽ ഡോളി തൊഴിലാളികൾ പണം വാങ്ങി ക്യൂവിൽ നിൽക്കാതെ ആളുകളെ ദർശനത്തിന് കൊണ്ടുപോകുന്നതായി മുൻപും പരാതികൾ ഉയർന്നിരുന്നു. ഡോളി ചുമക്കാതെ, ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇത്തരം ആൾക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ, സന്നിധാനം, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഡോളി തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ താൽക്കാലിക ജീവനക്കാരുടെയും വിവരങ്ങൾ ശബരിമല വർക്കേഴ്സ് രജിസ്റ്റർ എന്ന മൊബൈൽ ആപ്പ് വഴി ഓൺലൈനായി ശേഖരിച്ച് തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 2025-26 മണ്ഡലം വിളക്ക് സീസൺ മുതൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി തിരിച്ചറിയൽ കാർഡ് ലഭിക്കാത്ത തൊഴിലാളികളെ ശബരിമലയിൽ അനുവദിക്കില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം റാന്നി ഡി.വൈ.എസ്.പി. ആർ. ജയരാജിൻ്റെ മേൽനോട്ടത്തിൽ പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ