ബ്രഹ്മപുരം തീപിടുത്തം: പുക ശല്യം രൂക്ഷം, കൊച്ചിയിൽ ജനജീവിതം ദുസ്സഹം

By Web TeamFirst Published Feb 24, 2019, 8:24 AM IST
Highlights

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് കിലോമീറ്ററുകൾക്കപ്പുറം വൈറ്റില, പേട്ട, പനമ്പിള്ളി , തുടങ്ങി  നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക ജനങ്ങളെ ശരിക്കും ശ്വാസം മുട്ടിക്കുകയാണ്.
 

കൊച്ചി: കൊച്ചിയിൽ പുക ശല്യം രൂക്ഷമായി തുടരുന്നു. വൈറ്റില, തൃപ്പുണിത്തുറ, ഇരുമ്പനം ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലാകളക്ടർ ബ്രഹ്മപുരം പ്ലാന്റിൽ പരിശോധന നടത്തുന്നു. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണ്. ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ  പുക ശല്യമൂലം തൃപ്പുണ്ണിത്തറ ഇരുമ്പനം പ്രദേശവാസികൾ അർദ്ധരാത്രിയിൽ റോഡ് ഉപരോധിച്ചിരുന്നു.


മാലിന്യ പ്ലാന്റിന് തീപിടിച്ചത് മൂലമുണ്ടായ രൂക്ഷമായ പുക പ്രദേശവാസികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരുന്നു. രാത്രി വൈകിയും പുക രൂക്ഷമായതോടെ ആളുകൾക്ക് വീടിനുള്ളിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു.  ഇതിനെ തുടർന്നാണ് ഇരുമ്പനം സ്വദേശികൾ കൂട്ടത്തോടെ അർദ്ധരാത്രിയിൽ തന്നെ സമരവുമായി എത്തിയത്. സത്രീകളും കൊച്ചു കുട്ടികളുമായെത്തിയ സമരക്കാർ  മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

റോഡ് ഗതാഗതം തടസപ്പെട്ടതോടെ കണയന്നൂർ തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കളക്ടർ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകുമെന്നും ഉറപ്പ് നൽകി. തുടർന്ന് വെളുപ്പിനെ മൂന്ന് മണിയോടെ ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. എന്നാൽ  ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ സമര രംഗത്ത് തുടരുമെന്നും സമരക്കാർ പറഞ്ഞു.

പതിനേഴ് മണിക്കൂര്  നീണ്ട പരിശ്രമങ്ങൾക്ക് ശേഷം ആണ് പുക നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചത്.  ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് കിലോമീറ്ററുകൾക്കപ്പുറം വൈറ്റില, പേട്ട, പനമ്പിള്ളി , തുടങ്ങി  നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക ജനങ്ങളെ ശരിക്കും ശ്വാസം മുട്ടിക്കുകയാണ്.

click me!