
കാസര്‍കോട്: ദുബായില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ് (30), ചാല സ്വദേശി സമീര്‍ (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ദുബായില്‍ നിന്നും വന്ന അബ്ദുല്‍ സഅദ് കാസർകോട്ടെ ഏജന്റായ സമീറിന് സ്വര്‍ണം കൈമാറുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മാസം 27ന് ജോലി തേടി ദുബായിലേക്ക് പോയ അബ്ദുല്‍ സഅദ് ജോലിയൊന്നും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വര്‍ണക്കടത്തു സംഘവുമായി പരിചയപെട്ടത്. നാട്ടിലേക്കു തിരികെ വരുന്നതിനിടയിൽ സാദിന്റെ കൈയ്യിൽ ദുബായിലെ സ്വാർണ്ണക്കടത്തുസംഘം സ്വർണ്ണം ഏൽപ്പിക്കുകയിരുന്നു. നാട്ടിലെത്തിയാല്‍ സമീറിന് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഫോണില്‍ ബന്ധപ്പെട്ട് സമീറിനെ കാസർകോട്ടെ മലബാര്‍ ജ്വല്ലറിക്ക് മുമ്പില്‍ വരാന്‍ ആവശ്യപെടുകയായിരുന്നു. പാസ്റ്റിക്കിനകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നത്. കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വര്‍ണവേട്ട നടത്തിയത്.
മംഗളൂരു വിമാനത്താവളം വഴി വന്‍ തോതില്‍ സ്വര്‍ണം കേരളത്തിലേക്ക് ഒഴുകുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ വിശദമായ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam