
വടക്കാഞ്ചേരി: വാഹനത്തിനകത്ത് പാമ്പ് കയറിയെന്നുള്ള വാർത്തകൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിലുളള ഒരു വാർത്തയാണ് വടക്കാഞ്ചേരിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. വണ്ടിയെടുത്ത് മുപ്പത് കിലോമീറ്ററിലേറെ സഞ്ചരിച്ചപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പാമ്പ് തലപൊക്കിയതോടെയ ഡ്രൈവർ പരിഭാന്ത്രനാകുകയും രക്ഷതേടി വേഗം ബ്രേക്കിട്ട് പുറത്തിറങ്ങുകയുമായിരുന്നു. ദേവീദാസൻ എന്ന ഡ്രൈവറുടെ ഭയം കണ്ട നാട്ടുകാർ ഓടിക്കൂടി പിന്നെ പരിശോധന നടത്തുകയും ചെയ്തു. അരമണിക്കൂറോളം സ്ഥലത്തെ ആളുകൾ പരിഭ്രാന്തിയിലായിരുന്നു. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിനകത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. നാട്ടുകാർ വടിയിട്ടു കുത്തിയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ പാമ്പ് വാഹനത്തിൽ നിന്ന് പുറത്തേക്ക് കടന്ന് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോയി.
സംഭവം ഇങ്ങനെ
ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പാർളിക്കാട് വ്യാസ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്ര പരിസരത്താണ് സംഭവം. അത്താണിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡ് എടുക്കാൻ പോവുകയായിരുന്നു ഒറ്റപ്പാലം സ്വദേശിയും ഡ്രൈവറുമായ ദേവീദാസൻ. വണ്ടിയെടുത്ത് മുപ്പത് കിലോമീറ്ററിലേറെ സഞ്ചരിച്ചു കാണും. ഡ്രൈവിംഗ് സീറ്റിനരികിൽ വലതു വശത്തു നിന്നും പാമ്പ് തല പൊക്കിയതോടെ ദാസൻ ഭീതിയിലായി. വല്ലവിധേനയും വാഹനം സഡൻ ബ്രേക്കിട്ട് ചവിട്ടി നിർത്തി ചാടിയിറങ്ങി രക്ഷതേടുകയായിരുന്നു. ഇതോടെ നാട്ടുകാരും ഓടിക്കൂടി. ഡ്രൈവർ സീറ്റ് ഇളക്കി മാറ്റി പുറത്തെടുത്ത് തിരച്ചിൽ ആരംഭിച്ചു. അര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ കാബിനുള്ളിൽ സീറ്റിന്റെ അടിഭാഗത്ത് ഒളിച്ചിരുക്കുന്ന പാമ്പിനെ കണ്ടെത്തി. വടിയിട്ടു കുത്തിയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ പാമ്പ് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോയി. തപ്പിക്കിട്ടിയത് ചേരയാണോ എന്ന സംശയവും നാട്ടുകാർക്കുണ്ട്. എന്തായാലും വാഹനത്തിനകത്ത് എങ്ങനെ ഇവൻ കയറി കൂടി എന്ന ആലോചനയിലാണ് ഡ്രൈവർ ദേവീദാസൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam